4 ബഹിരാകാശ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വമ്പൻ ദൗത്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചന്ദ്രയാൻ - 4, ശുക്ര പര്യവേക്ഷണം, ഗഗൻയാന്റെ ഭാഗമായി ഭാരതീയ അന്തരീക്ഷ നിലയം, പുതു തലമുറ ലോഞ്ച് വെഹിക്കിള്‍ എന്നിവയ്ക്കാണ് മന്ത്രിസഭയുടെ അനുമതി.
ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങൾക്കായി സർക്കാർ മാറ്റി വച്ചിരിക്കുന്നത്. മനുഷ്യരെ ചന്ദ്രനിൽ ഇറക്കി സാംപിളുകൾ ശേഖരിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാണ് ചന്ദ്രയാൻ 4.
2040ൽ ഇതു യാഥാർഥ്യമാക്കാൻ സുപ്രധാന സാങ്കേതിക വിദ്യകൾ ആവശ്യമാണ്. 2,104.06 കോടിയാണു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ശുക്രനിലേക്കുള്ള ദൗത്യത്തിനായി 1236 കോടി രൂപ അനുവദിച്ചു.
ശുക്രന്റെ ഉപരിതലം, ഉള്ളറകൾ, അന്തരീക്ഷ പ്രക്രിയകൾ, ശുക്രന്റെ അന്തരീക്ഷത്തിൽ സൂര്യന്റെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ നിർമിക്കണം. ഇതിന്റെ ആദ്യ യൂണിറ്റിന്റെ നിർമാണത്തിനാണ് ഇന്നലെ അനുമതി നൽകിയത്.
പദ്ധതിയുടെ ചെലവ് 20,193 കോടിയായി ഉയർത്താൻ അനുമതി നൽകിയ മന്ത്രിസഭ അധികമായി വേണ്ടിവരുന്ന 11,170 കോടി നൽകാനും തീരുമാനിച്ചു.
ഉയര്‍ന്ന പേലോഡ് ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ പുതിയ വിക്ഷേപണ വാഹനമായ NGLV യുടെ വികസനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇതിനായി 8240 കോടി രുപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 1.5 മടങ്ങ് ചെലവില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി പേലോഡ് ശേഷി എന്‍ജിഎല്‍വിക്ക് ഉണ്ടായിരിക്കും. ഗഗയാന്‍ ഉൾപ്പടെ ഭാവി ചന്ദ്രദൗത്യങ്ങൾക്ക് ഈ വിക്ഷേപണ വാഹനം ഉപയോഗപ്പെടുത്താനാകും.