തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എം സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്.
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി ലോക്കല്‍ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ചാണ്ടിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതിനെതിരെ രൂക്ഷമായ പ്രതികരണം ഉയരുമെന്നാണ് സൂചന.
ആലപ്പുഴ ജില്ലാ കളക്ടര്‍ തനിക്കെതിരെ നല്കിയ റിപ്പോര്‍ട്ട് തളളി മന്ത്രി തോമസ് ചാണ്ടി പറഞ്ഞ വാദങ്ങള്‍ സി.പി.എം അണികളെ ചൊടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കും സര്‍ക്കാറിനും മുന്നണിക്കും ബാധ്യതയായ തോമസ് ചാണ്ടിയെ ചുമക്കുന്നതിനെതിരെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ തന്നെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.
കൂടുതല്‍ വിപുലമായ ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഈ വിമര്‍ശനം ശക്തമാകാനാണ് സാധ്യത.
ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടി പ്രശ്നം ജില്ലാ സമ്മേളനങ്ങളിലും ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിടും.
സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരിലാണ് നടക്കുന്നത്. കോടിയേരി ബാലകൃഷ്ണന് രണ്ടാമൂഴം ലഭിക്കാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ജില്ലകളില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ നേതൃത്വത്തെ നിര്‍ത്തി ‘പൊരിച്ചാല്‍’ സി.പി.എമ്മിനും കര്‍ശന നിലപാടിലേക്ക് മാറേണ്ടിവരും.
മാധ്യമ വിചാരണയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു മന്ത്രിയെ പുറത്താക്കേണ്ടതില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന നേതൃത്വവും.
എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ‘ഉചിതമായ’ നിലപാട് സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലന്ന നിലപാടും നേതൃത്വം ഇപ്പോള്‍ പറയുന്നുണ്ട്.
തോമസ് ചാണ്ടിയെ മാറ്റേണ്ടി വന്നാല്‍ പകരം ശശീന്ദ്രനെ മന്ത്രിയാക്കാതെ സി.പി.എം തന്നെ വകുപ്പ് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
ഈ അപകടം മുന്നില്‍ കണ്ടാണ് എന്‍.സി.പി കേന്ദ്ര നേതൃത്വം തോമസ് ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് എന്‍ .സി പിക്ക് അകത്ത് തന്നെ സംസാരവുമുണ്ട്.
ഫോണ്‍ കെണിയില്‍പ്പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തു പോകേണ്ടി വന്ന ശശീന്ദ്രനെ തിരികെ മന്ത്രിസഭയിലെടുത്താല്‍ അത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് തന്നെ മോശമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.
ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനെതിരായ വിജിലന്‍സ് കേസ് അവസാനിച്ച സാഹചര്യത്തില്‍ ജയരാജനെ തിരികെ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മനസ്സ് തുറന്നിട്ടില്ല.
ക്രൈം ഇല്ലാതായെങ്കിലും ബന്ധുവിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് ജാഗ്രത കാട്ടിയില്ലന്ന മുന്‍ നിലപാടില്‍ സി.പി.എം കേന്ദ്ര നേതൃത്വവും ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇക്കാര്യം വീണ്ടും വിവാദമാക്കാന്‍ സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നില്ല.
എന്നാല്‍ കേസ് വിട്ടു പോയെങ്കിലും കമ്യൂണിസ്റ്റുകാരന്റെ ധാര്‍മ്മികത മുന്‍ നിര്‍ത്തി സി.പി.എം സമ്മേളനങ്ങളില്‍ ചോദ്യമുയരുമെന്ന കാര്യം ഉറപ്പാണ്.
സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ നോക്കിക്കാണുന്ന സി.പി.എമ്മിനെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുന്നതിന് പാര്‍ട്ടിക്ക് കരുത്തു പകരുമെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് സി പി.എം സംസ്ഥാന നേതൃത്വം നല്കിയ മറുപടി