വക്കീല്‍ ഗുമസ്തനെ കോടതി വരാന്തയില്‍വച്ച് പ്രതി ക്രൂരമായി മര്‍ദ്ദിച്ചു
പത്തനംതിട്ട: കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച മോഷണകേസിലെ റിമാന്‍ഡ്പ്രതി കോടതി മുറിക്ക് മുന്നില്‍വച്ച് വക്കീല്ഗുമസ്തനെ ക്രുരമായി മര്‍ദിച്ച് അവശനാക്കി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ ഇടനാഴിയില്വച്ചായിരുന്നു സംഭവം. അഡ്വ. സി.എന്‍. സോമനാഥന്നായരുടെ ഗുമസ്തന് കൈപ്പട്ടൂര്‍ കുഴിഞ്ഞയ്യത്ത് വീട്ടില്‍ രതീഷ് വി. നായര്‍(33)ക്കാണ് മര്‍ദനമേറ്റത്. റിമാന്‍ഡ് പ്രതി അനീഷ്(25) ആണ് രതീഷിനെ മര്‍ദിച്ചത്. രതീഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയിലെ വിലങ്ങുമായി കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് പ്രതി ഗുമസ്തനെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രതീഷിന്റെ മറ്റ് സുഹൃത്തുക്കളെ ഇയാള്‍ വിരട്ടി ഓടിച്ചു.11 മണിയോടെ രണ്ട് പൊലീസുകാരാണ് പ്രതി അനീഷീനെയും കൊണ്ട് കോടതിയിലെത്തിയത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ നേരം കോടതിയുടെ വാതില്ക്കല് വച്ച് ഗുമസ്ത സുജാത പ്രതിയുടെ കാലില്‍ ചവിട്ടിയെന്നാരോപിച്ച് ഇയാള്‍ കോടതി മുറിക്കുളളില്‍വച്ച് ബഹളം വയ്ക്കുകയും ഗുമസ്തയെ അസഭ്യം പറയുകയും ചെയ്തു. തന്നെ അസഭ്യം വിളിച്ച വിവരം വക്കീല്‍ ഗുമസ്ത മജിസ്ട്രേറ്റ് വിദ്യാധരന് മുമ്പില്‍ പരാതിയായി പറഞ്ഞു. പരാതി പൊലിസില്‍ അറിയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ശേഷം പ്രതിയെയും കൊണ്ട് പൊലിസുകാര്‍ കോടതി മുറിക്ക് പുറത്തേക്ക് ഇറങ്ങാന്‍ നേരം എന്തിനാണ് സഹപ്രവര്‍ത്തകയെ ചീത്ത വിളിച്ചതെന്ന് രതീഷും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് അനീഷിനോട് ചോദിച്ചതാണ് മര്‍ദനത്തിനു കാരണം. സംഭവം കണ്ട് കോടതി വരാന്തയില്നിന്നവര് പരിഭ്രാന്തരായി ചിതറി ഓടി. ബഹളത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചു. മര്‍ദനത്തിന് ദൃക്സാക്ഷികളായ വക്കീലന്മാരും ഗുമസ്തന്മാരും ഒത്തുചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ ഒരുങ്ങി.
വര്‍ങ്ങളായി ജയിലില്‍ കിടക്കുന്നവനാണെന്നും എനിക്ക് ആരെയും പേടിയില്ലെന്നും പ്രതി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പുറത്തുവന്നാല്‍ എല്ലാവരെയും കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തി. ഉടന്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി പ്രതിയെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയതോടെയാണ് രംഗം ശാന്തമായത്.
മോഷണക്കേസ് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് അനീഷ്. അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക് അസോസിയേഷന് യൂണിറ്റ് ജോ. സെക്രട്ടറികൂടിയാണ് മര്‍ദനമേറ്റ രതീഷ്.
ഇതിനിടെ പത്തനംതിട്ട സിഐക്ക് ഗുമസ്ത സുജാത പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലിസ് ചീഫ് നിര്‍ദേശം നല്കി. ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് അസോസിയേഷനും സംഭവത്തില്‍ പരാതി നല്കി. പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന പി.ആര്. സനല്‍കുമാറിന്റെ കലക്ട്രേറ്റിന് സമീപത്തെ വാടക വീട്ടില്‍നിന്നു മൊബൈല്‍ ഫോണും മാലയും മോഷ്ടിച്ച കേസിന്റെ വിചാരണക്കെത്തിച്ചതാണ് ഇയാളെ. അന്നത്തെ മോഷണ കേസില്‍ പത്തനംതിട്ടയിലെ ഒരു എഎസ്ഐക്കും പങ്കുണ്ടായിരുന്നു.
അനീഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തില്‍ എഎസ്ഐയുടെ പങ്ക് വ്യക്തമായത്. എഎസ്ഐയും അനീഷും തമ്മില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. എഎസ്ഐയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. ജില്ലയിലെ പൊലിസിന് നാണക്കേടുണ്ടാക്കിയ സംഭവമായി ഇത് മാറിയിരുന്നു.