പേജർ സ്ഫോടനത്തിൽ ആയിരത്തിലധികം പേർക്ക് പരുക്ക്
ബെയ്റൂട്ട്: പേജറുകൾ പൊട്ടിത്തെറിച്ച് ലെബനനിലെ ഇസ്ലാമിക സായുധ സംഘം ഹിസ്ബുള്ളയുടെ ആയിരത്തിലേറെ അംഗങ്ങൾക്കു സാരമായി പരുക്കേറ്റു.
ഹിസ്ബുള്ള അംഗങ്ങൾ സന്ദേശവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പേജറുകളിലേക്ക് ഇന്നലെ ഒരു സന്ദേശമെത്തിയതിനു പിന്നാലെയായിരുന്നു പൊട്ടിത്തെറി.
സൂപ്പർമാർക്കറ്റിൽ ഹിസ്ബുള്ള അംഗത്തിന്റെ പേജർ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയൊ ദൃശ്യങ്ങൾ പുറത്ത് വന്നു. പരിക്കേറ്റവരില്‍ ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി ഒരു വർഷം പിന്നിട്ട യുദ്ധത്തിനിടെയാണ് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി. ആക്രമിച്ചത് ഇസ്രയേലെന്നാണ് കരുതുന്നത്. അതു യാഥാർഥ്യമെങ്കിൽ ഹിസ്ബുള്ളയ്ക്കെതിരേയുണ്ടായ ആക്രമണം ചരിത്രത്തിലെ ഏറ്റവും ആധുനികമായ യുദ്ധമുഖമാകും തുറക്കുക.
എന്നാൽ, ഇസ്രയേൽ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഒരേ സമയം ആയിരക്കണക്കിനു പേജറുകൾ പൊട്ടിത്തെറിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍, ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരേ സമയം സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടെന്നും മുറിവേറ്റും തലയില്‍ ചോരയൊലിച്ചുമുള്ള തറയില്‍ കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ലെബനനിലൂടനീളം പ്രചരിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആംബുലന്‍സുകള്‍ പരക്കെ പോകുന്നതിന്റെ ശബ്ദംകേള്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രികളില്‍ നിന്ന് രക്തം ആവശ്യപ്പെട്ടുള്ള അറിയിപ്പുകളും വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയെന്നും പലചരക്ക് കടകള്‍ ഉള്‍പ്പെടെസ്ഥാപനങ്ങളിലെ ചെറിയ ഹാര്‍ഡ് വെയര്‍ ഡിവൈസുകളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.