ബിൻ ലാദന്റെ മകന് മരിച്ചിട്ടില്ല
വാഷിങ്ങ്ടണ്: അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ അഫ്ഗാനിൽ ജീവിച്ചിരിപ്പുണ്ടെന്നും ഒളിവിലിരുന്ന് അൽ ഖ്വയ്ദയെ നയിക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്തു.
ഹംസ തന്റെ സഹോദരനായ അബ്ദുല്ല ബിൻ ലാദനൊപ്പം അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണത്തിന് ഒരുങ്ങുക ആണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷണൽ മൊബിലൈസേഷൻ ഫ്രണ്ട് (എൻഎംഎഫ്) ഹംസയുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭീകരവാദത്തിന്റെ കിരീടാവകാശിയെന്ന് വിളിക്കപ്പെടുന്ന ഹംസ വടക്കൻ അഫ്ഗാനിസ്ഥാനിൽ 450 സ്നൈപ്പർമാരുടെ സംരക്ഷണത്തിൽ ഒളിച്ചിരിക്കുകയാണെന്നാണ് എൻ.എം.എഫ് പറയുന്നത്.
2021ൽ താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാനിസ്ഥാനിൽ വിവിധ ഭീകരവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും ഹംസ ബിൻ ലാദന്റെ നേതൃത്വത്തിൽ അൽ ഖ്വയ്ദ വീണ്ടും സംഘടിക്കുകയും ഭാവി ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നുമാണ് എൻഎംഎഫ് റിപ്പോർട്ട്.
2019 ലെ യു.എസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടെന്ന വാദത്തിന് വിരുദ്ധമായാണ് ഇപ്പോൾ എൻഎംഎഫ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
ബിൻ ലാദന്റെ കൊലപാതകത്തിന് ശേഷം അൽ ഖ്വയ്ദയുടെ കാര്യങ്ങൾ ഏറ്റെടുത്ത അയ്മാൻ അൽ സവാഹിരിയുമായി ഹംസയ്ക്ക് അടുത്ത ബന്ധമുള്ളതായും റിപ്പോർട്ടിൽ പയുന്നു.
ഹംസയുടെ പിതാവ് ഒസാമ ബിൻ ലാദനെ 2011ൽ പാക്കിസ്താനിലെ അബോട്ടാബാദിൽ വച്ചാണ് അമേരിക്കയുടെ പ്രത്യേക സേന വധിച്ചത്. 2001 സെപ്റ്റംബർ 11ന് ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ പ്രതികാരമായാണ് 2011 മെയ് രണ്ടിന് അമേരിക്ക ഒസാമ ബിൻ ലാദനെ വധിച്ചത്.