നേതാക്കള്‍ ഡല്‍ഹിക്ക് പോകേണ്ട കാര്യമില്ല, കള്ളകേസെന്ന പ്രഖ്യാപനം നാളെ വരും !
ന്യൂഡല്‍ഹി: ഹൈക്കമാന്റിലെ കോണ്‍ഗ്രസ്സ് ഉന്നതന്റെ മകനെതിരെ കൂടി സരിത പരാതി നല്‍കിയതോടെ ഇനി വരാനിരിക്കുന്ന സോളാര്‍ കേസില്‍ ഹൈക്കമാന്റ് തിരുമാനവും വ്യക്തം !
‘രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണ്’ നേതാക്കളെ കുരുക്കിയതിന് പിന്നിലെന്ന നിലപാട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് സ്വീകരിക്കുമെന്നാണ് സൂചന.
വെള്ളിയാഴ്ച കേരളത്തിലെ നേതാക്കളുമായുള്ള കൂടികാഴ്ചക്കു ശേഷം ഈ തീരുമാനം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിക്കും.
ഉമ്മന്‍ ചാണ്ടിയെ വെട്ടിനിരത്താന്‍ ‘സോളാറില്‍’ തീ പടര്‍ത്താന്‍ ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ പുതുതായി സരിത മുഖ്യമന്ത്രിക്കു നല്കിയ പരാതി.
ഇതില്‍ വ്യക്തമായും ദേശീയ തലത്തിലെ ഉന്നതനായ കോണ്‍ഗ്രസ്സ് നേതാവിന്റെ മകന്റെ പേരുള്ളതാണ് തിരിച്ചടിക്ക് കാരണം.
ഉമ്മന്‍ ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സമാനവും ഗുരുതര സ്വഭാവമുള്ളതുമായ ആരോപണമാണ് ഈ മുന്‍ കേന്ദ്ര മന്ത്രി പുത്രനെതിരെയുമുള്ളത്.
ഫലത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയെ നേരിടാന്‍ ഹൈക്കമാന്റ് തീരുമാനിക്കുന്നതില്‍ എത്തും ഇനി കാര്യങ്ങള്‍.
സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പെട്ടന്ന് തന്നെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട് സര്‍ക്കാര്‍ കടുത്ത നടപടിക്ക് തുനിഞ്ഞത് വേങ്ങര തിരഞ്ഞെടുപ്പു ‘വിജയം’ മുന്നില്‍ കണ്ടാണെന്ന നിലപാടിലാണ് ഹൈക്കമാന്റത്രെ.
ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.എം ഹസ്സന് ഹൈക്കമാന്റിന് കൈമാറിയിരിക്കുന്നത്.
പ്രതിപക്ഷത്തെ കള്ള കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുന്നതിനെതിരെ ശക്തമായി മുന്നോട്ട് പോകാനും, കേസിനെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടാനും തീരുമാനമെടുക്കണമെന്നതാണ് കെ.പി.സി.സിയുടെ ആവശ്യം.
അതേ സമയം സോളാര്‍ കേസില്‍ വി.എം സുധീരന്,കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് എന്നിവരുടെ നിലപാട് എന്തായിരിക്കുമെന്നത് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
ആദര്‍ശ ധീരരായി അറിയപ്പെടുന്ന ഇരുവരെയും സമ്മര്‍ദ്ദത്തിലാക്കുന്നത് ദേശീയ നേതാവിന്റെ മകനെതിരെ ഉയര്‍ന്ന പരാതിയാണ്.
അതു കൊണ്ട് തന്നെ കേസിനെയോ സരിതയേയോ ന്യായീകരിക്കാനോ ‘ നിഷ്പക്ഷ’ നിലപാട് സ്വീകരിക്കാനോ ഇവര്‍ക്കും കഴിയില്ലന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇപ്പോള്‍ കെ.പി.സി.സി പ്രഖ്യാപിച്ച ഭാരവാഹി പട്ടികക്കെതിരെ സുധീരന് ഹൈക്കമാന്റിനെ പ്രതിഷേധം അറിയിക്കും.
യുവാക്കളെയും സ്ത്രീകളെയും തഴഞ്ഞ് ഇങ്ങനെ മുന്നോട്ട് പോയാല്‍ പാര്‍ട്ടി തന്നെ അധികം താമസിയാതെ സംസ്ഥാനത്തുണ്ടാകില്ലന്നാണ് സുധീരന്റെ അഭിപ്രായം.
സോളാര്‍ കേസില്‍ കുടുങ്ങിയ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക് ഇനി പുന:സംഘടനാ വിഷയത്തില്‍ അധികം വാശിപ്പിടിക്കാന്‍ കഴിയില്ല എന്നതിനാല്‍ കെ.പി.സി.സി നല്കിയ ലിസ്റ്റില്‍ വെട്ടി തിരുത്തലുകള്‍ക്ക് ഹൈക്കമാന്റിനും എളുപ്പമാണ്.