കേരള ബാങ്ക് ആസ്ഥാനത്ത് ഓണാഘോഷം; പട്ടിണി സമരവുമായി കളക്ഷൻ ജീവനക്കാർ; മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും
തിരുവനന്തപുരം: ഓണനാളിൽ വേറിട്ട സമരവുമായി കേരള ബാങ്കിലെ കളക്ഷൻ ജീവനക്കാർ. സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് കളക്ഷൻ ജീവനക്കാർ പട്ടിണി സമരവുമായി രംഗത്ത് എത്തിയത്.
കേരള ബാങ്കിൻ്റെ ആസ്ഥാനത്ത് പൂക്കള മത്സരവും വിഭവ സമൃദ്ധമായ സദ്യയും ഉൾപ്പെടെ ആഘോഷ പൂർവ്വം ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ തന്നെയാണ് ആസ്ഥാന മന്ദിരത്തിന് മുമ്പിൽ കളക്ഷൻ ജീവനക്കാർ വാഴയിലയിൽ സദ്യയ്ക്ക് പകരം മണ്ണ് വിളമ്പി പ്രതിഷേധിച്ചത്.
ജില്ലാ ബാങ്കുകളുടെ ആരംഭം മുതൽ യാതൊരു വിധ ആനുകൂല്യങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന കളക്ഷൻ ജീവനക്കാരെ സംരക്ഷിക്കുമെന്ന് ബാങ്കും സർക്കാരും നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നിയമസഭാ മന്ദിരത്തിനു സമീപത്തു നിന്നും സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആരംഭിച്ച പ്രതിഷേധ പ്രകടനം കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന് സമീപം വെച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ നിലത്ത് കുത്തിയിരുന്ന് വാഴയിലയിൽ സദ്യയ്ക്ക് പകരം മണ്ണിട്ട് പ്രതിഷേധിച്ചു.
തുർന്ന് നടന്ന പ്രതിഷേധ സമരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ബാബുജി ഉദ്ഘാടനം ചെയ്തു. കെ.വി ടോമി അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ബ്രീസ് ജോയി, എ.ബി ശിവൻ, മലയൻകീഴ് നന്ദകുമാർ, രമേശൻ, രാധാകൃഷൻ, മോഹൻദാസ് കോട്ടയം, എം.ടി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.