ഓണക്കാല മിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി
ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി/പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82000 രൂപ പിഴ ഈടാക്കി.
സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82000 രൂപ പിഴ ഈടാക്കിയത്.
സ്ക്വാഡിൽ ജില്ലാ സപ്ലൈ ആഫീസർ ബൈജു കെ ബാലൻ, ഉടുമ്പൻചോല താലൂക്ക് സപ്ലൈ ആഫീസർ റോയി തോമസ്, ഉടുമ്പൻചോല റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിനീഷ് ആർ, അജേഷ്, ജോഷി, ദേവികുളം ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആൻ മേരി ജോൺസൺ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.ഷാജൻ, ദേവികുളം താലൂക്ക് സപ്ലൈ ആഫീസർ സഞ്ജയ് നാഥ്, ദേവികുളം റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയകുമാർ, സുധാകുമാരി എന്നിവരും പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തും.