ഒരു രാഷ്ട്രപതി ഒരിക്കലും ചെയ്യരുതാത്തത്, ഇത് പൊറുക്കാന്‍ പറ്റാത്ത തെറ്റ്
രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇപ്പോള്‍ ആര്.എസ്.എസുകാരനല്ല, ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ പ്രതിനിധിയുമല്ല.
ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന രണ്ടാമത്തെ വലിയ രാജ്യത്തിന്റെ നായകനാണ് അദ്ദേഹം.
താന്‍ ഇരിക്കുന്ന മഹത്തായ പദവിയുടെ അന്തസ്സ് ഓര്‍ത്തെങ്കിലും ഒരു ആള്‍ദൈവത്തിനു മുന്നില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തല കുനിക്കരുതായിരുന്നു.
രാഷ്ട്രപതിയായി അധികാരമേറ്റെടുത്ത റാം നാഥ് കേരളത്തില്‍ നടത്തിയ പ്രഥമ സന്ദര്‍ശനം തന്നെ ഇങ്ങനെയായതില്‍ അഭിമാനബോധമുള്ള ജനത ഇപ്പോള്‍ തല കുനിക്കുകയാണ്.
അമൃതാനന്ദമയിയേക്കാള് കോടിക്കണക്കിന് ഭക്തരുടെ പിന്‍ബലമുള്ള ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ ജയിലില്‍ അഴിയെണ്ണുകയാണ് എന്ന് നാം ഓര്‍ക്കണം.
ഏത് മത വിഭാഗത്തില്‍പ്പെട്ടതായാലും ആള്‍ദൈവങ്ങളെ പോത്സാഹിപ്പിക്കുന്നത് ശരിയായ നടപടിയല്ല.
ഇത്തരം ആളുകള്‍ നടത്തുന്ന ആശുപത്രികളായാലും മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും അവിടെയെല്ലാം നടക്കുന്നതും കച്ചവടമാണ്.
രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് പറഞ്ഞത് ശരിയായ കാര്യമാണെങ്കിലും കേരളത്തിലെ അധ്യാത്മിക പാരമ്പര്യത്തിന്റെ പ്രതിനിധിയും തുടര്‍ച്ചയുമാണ് ‘അമ്മ’ എന്നറിയപ്പെടുന്ന മാതാ അമൃതാനന്ദമയി എന്ന് പറഞ്ഞത് കുറച്ചു കടന്നു പോയി.
ശങ്കരാചാര്യരും അയ്യങ്കാളിയും തെളിച്ച വഴിയിലൂടെയാണ് മാതാ അമൃതാനന്ദമയി മഠം ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നതെന്ന് രാഷ്ട്രപതിയല്ല ഏത് ദേവേന്ദ്രന് പറഞ്ഞാലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയുകയില്ല.
ആത്മീയതയുടെ പിന്നില്‍ കച്ചവട താല്പര്യം നടത്തിയവരല്ല ശങ്കരാചാര്യരും അയ്യങ്കാളിയും.
കേരളത്തെ കേരളമാക്കിയതിന് വലിയ സംഭാവനകള്‍ നല്കിയ ഈ നവോത്ഥാന നായകരുമായി ഒരു താരതമ്യത്തിന് പോലും ഇവിടെ ഒരു ആള്‍ദൈവത്തിനും അര്‍ഹതയില്ല.
ആള് ദൈവങ്ങള്‍ ജനക്ഷേമത്തിന് ‘കോടികള്‍’ ചിലവിടുന്നതിന്റെ കേമത്തം പറയുന്നതിന് മുന്‍പ് ഈ പുകമറ സൃഷ്ടിച്ച് ഇത്തരം സംഘങ്ങള്‍ ഉണ്ടാക്കുന്ന വന്‍ സാമ്പത്തിക നേട്ടങ്ങളും പരിശോധിക്കണമായിരുന്നു.
ഇപ്പോള്‍ കൊല്ലം അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകളും ഏറെ ഗൗരവകരമാണ്.
മഠത്തിലെത്തിയ അമേരിക്കന്‍ പൗരനായ മരിയോ സപ്പോട്ടോ ഗുരുതരമായ പരിക്കുകളോടെ ശനിയാഴ്ച അര്‍ദ്ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
2012 ല്‍ അമൃതാനന്ദമയീ മoത്തിലെത്തിയ ബീഹാര്‍ സ്വദേശി സത്നാം സിങ്ങ് സമാനമായ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത് താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നിസാരമായി കാണാന്‍ കഴിയില്ല.
സത്നാം സിങില്‍ അമൃതാനന്ദമയി മഠം ആരോപിച്ച മാനസിക പ്രശ്നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അമേരിക്കക്കാരനായ യുവാവിനെതിരെയും ആരോപിച്ചിരിക്കുന്നത്.