പി.എസ്.സി നിയമനങ്ങളിൽ പകുതിയിലധികവും നടന്നത് കേരളത്തിൽ
തിരുവനന്തപുരം: രാജ്യത്ത് ആകെ നടന്ന പി.എസ്.സി നിയമനങ്ങളിൽ പകുതിയിലധികവും കേരളത്തിൽ. യു.പി.എസ് സിയുടെ ന്യൂസ് ലെറ്റർ പ്രകാരം രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണ്.
കഴിഞ്ഞ വർഷം മാത്രം 34,110 നിയമന ശിപാർശകൾ കേരള പിഎസ് സി നൽകി. കഴിഞ്ഞ ആറ് മാസത്തിൽ 18964 പേർക്ക് നിയമനം നൽകിയെന്നും യു.പി.എസ് സിയുടെ തൊഴിൽ പ്രസിദ്ധീകരണം പറയുന്നു.
കേരള പി.എസ്.സി നിയമനം നടത്തിയതിൽ 11,921 പേർ ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളവരാണ്. 2,673 പേർ പട്ടികജാതി, 2,260 പേർ പട്ടികവർഗം, 17,256 പേർ ജനറൽ വിഭാഗക്കാരും. 6140201 പേരാണ് കേരള പി.എസ്.സിക്ക് അപേക്ഷ നൽകിയത്.
കേരളം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത് ഒഡിഷയാണ്. 6791 നിയമന ഉത്തരവുകളാണ് ഒഡിഷ നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ 3062 നിയമനം മാത്രമാണ് നടത്തിയത്.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 4120 നിയമന ശിപാർശ മാത്രമാണ് നടത്തിയത്. കർണാടകയാണ് ഏറ്റവും കുറവ് നിയമനം നടത്തിയത്. വെറും ആറ് നിയമനങ്ങളാണ് കർണാടക നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കർണാടക ഒറ്റ നിയമനം പോലും നടത്തിയില്ല.
കേരളത്തിലെ പി.എസ്.സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. യാതൊരു തരത്തിലുമുള്ള അഴിമതിയും ക്രമക്കേടും ആരോപിക്കാൻ പോലും പറ്റാത്ത രീതിയിലാണ് പി.എസ്.സി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിൽ നിന്നും വിഭിന്നമായി മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സിക്ക് പുറമെ മറ്റ് റിക്രൂട്ടിങ്ങ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.
റിക്രൂട്ടിങ്ങ് ഏജൻസികളാണ് പല സംസ്ഥാനങ്ങളിലും പൊലീസ്, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളിൽ നിയമനം നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് പി.എസ്.സി വഴിയുള്ള നിയമനങ്ങൾ അവിടെ കുറയുന്നത്.