ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി; വിവാഹവും എന്‍ഐഎ അന്വേഷണവും തമ്മില്‍ ബന്ധമില്ല; ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കും
ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു ചോദിച്ച സുപ്രീം കോടതി, ഹാദിയയ്ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കേസില്‍ ഹാദിയയുടെ നിലപാട് അറിയണം. അവര്‍ക്കെന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.
വാദത്തിനിടെ, ഇരുവിഭാഗം അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷെഫിന് ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് വാഗ്വാദമുണ്ടായത്. എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണെന്നു ഷെഫിന് ജഹാന്റെ അഭിഭാഷകന് ആരോപിച്ചു.
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിഗണിക്കുന്നത്. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നു വനിതാ കമ്മിഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വിവാഹബന്ധം റദ്ദാക്കാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പരിശോധിക്കുന്നത്. ജസ്റ്റിസ് ആര്.വി. രവീന്ദ്രന് മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍ഐഐ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കും. സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് അടക്കം ആറുപേര്‍ ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണു വനിതാ കമ്മിഷന്റെ ആവശ്യം. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കണം. ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്നും വനിതാ കമ്മിഷന് അധ്യക്ഷയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മതം മാറി വിദേശത്തേക്കു കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു, കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്കു സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്റെ മകളുടെ അടക്കം മതപരിവര്‍ത്തനം എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണു മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യയുടെ ഹര്‍ജി. ഹാദിയക്കേസിലെ എന്‍ഐഎ അന്വേഷണത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.