ആന്ധ്രാപ്രദേശിൽ മദ്യത്തിലും ഭക്ഷണത്തിലും സയനൈഡ് കലർത്തി കൊലപ്പെടുത്തിയത് 4 മനുഷ്യരെ; മൂന്ന് പേർ അറസ്റ്റിൽ
വിജയവാഡ: കൂടത്തായി കൊലപാതകങ്ങളെ അനുസ്മരിപ്പിക്കും വിധം ആന്ധ്രാപ്രദേശിൽ കൊലപാതക പരമ്പര നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. തെനാലി സ്വദേശികളായ മുനഗപ്പ രജനി(40), ഇവരുടെ അമ്മ ഗോണ്ടു രമണമ്മ(60), മുദിയാല വെങ്കിടേശ്വരി(32) എന്നിവരാണ് അറസ്റ്റിലായത്.
മദ്യത്തിൽ സയനൈഡ് കലർത്തി നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഗുണ്ടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സ്ത്രീകളാണ്. പണവും ആഭരണവും കൈവശമുള്ള സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു സംഘം പ്രവർത്തിച്ചത്. ഇത്തരക്കാരെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കും.
പിന്നീട് യാത്രപോകാമെന്നും വിരുന്നു നൽകാമെന്നും പറഞ്ഞ് കൂട്ടികൊണ്ട് പോയി മദ്യം നൽകുകയും കൊലപാതകത്തിന് ശേഷം ആഭരണങ്ങളും പണവും മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് ചെബ്രോലുവിലെ വഡ്ലമുടി ഗ്രാമത്തിലെ ഒഴിഞ്ഞുകിടക്കുന്ന ക്വാറിയിൽ 40 വയസ്സുള്ള അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്.
അന്വേഷണത്തിൽ മൃതദേഹം ഷെയ്ഖ് നാഗൂർബിയെന്ന സ്ത്രീയുടേതാണെന്നും സയനൈഡ് നൽകി ഇവരെ കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി. ജൂൺ അഞ്ചിന് ജോലിക്ക് പോയ അമ്മ തിരിച്ചെത്തിയിട്ടില്ലെന്ന് നാഗൂർബിയുടെ മകൻ ഷെയ്ക് തമീജ് പൊലീസിൽ അറിയിച്ചിരുന്നു.
നാഗൂർബിയുടെ മരണത്തിൽ മകൻ ചിലസംശയങ്ങളും പൊലീസിനോട് പങ്കുവച്ചു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് രജനിയുമായും വെങ്കിടേശ്വരിയുമായും നാഗൂർബി സംസാരിച്ചിരുന്നു.
മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവർ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സംഭവ ദിവസം പ്രതികൾ നാഗൂർബിക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ചതിന് തെളിവ് ലഭിച്ചു.
തുടർന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. കറങ്ങാൻ പോകാമെന്നും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞാണ് പ്രതികൾ നാഗൂർബി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് വൈനിൽ സയനൈഡ് കലർത്തി നൽകി.
കൊലപാതകത്തിന് ശേഷം ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കവർന്ന് മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ നേരത്തെ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പ്രതികൾ വെളിപ്പെടുത്തി. അറസ്റ്റിലായ രജനിയുടെ ഭർതൃമാതാവായ സുബ്ബലക്ഷ്മിയെ 2022-ൽ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയിരുന്നു.
പിന്നീട് 2023 ആഗസ്തിൽ തെനാലി സ്വദേശിനിയായ നാഗമ്മയെ(60) കൊലപ്പെടുത്തി. ഇതിനുശേഷം പ്രതികളുടെ സുഹൃത്തായ ഭൂദേവിയെന്ന സ്ത്രീയുടെ ഭർത്താവിനെയും സയനൈഡ് നൽകി കൊലപ്പെടുത്തി.
ഭൂദേവി നിരന്തരം ഉപദ്രവിച്ചതിന് പ്രതികാരമായും ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനുമായാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
ഇതിനുപുറമേ രണ്ട് സ്ത്രീകളെ കൂടി സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്രാമത്തിലെ സന്നദ്ധസേവകയായ അന്നപൂർണയ്ക്ക് സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയെങ്കിലും സംശയം തോന്നിയതിനാൽ അവർ അത് കഴിച്ചില്ല.
മുരഗപ്പ വരളമാടിയെന്ന സ്ത്രീക്കും സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഈ സമയം അവരുടെ ഭർത്താവിന്റെ ഫോൺകോൾ വരികയും ഇപ്പോൾ അറസ്റ്റിലായിട്ടുള്ള സ്ത്രീകളോടൊപ്പം താനുണ്ടെന്ന് അവർ ഭർത്താവിനോടും പറയുകയും ചെയ്തു. പിടിക്കപ്പെടുമെന്ന് ഭയന്ന് ആ പദ്ധതി ഉപേക്ഷിച്ചു.
പ്രതികളിൽ നിന്ന് സയനൈഡ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികൾ കവർന്ന സ്വർണാഭരണങ്ങളിൽ ചിലതും കണ്ടെടുത്തു. ഇവർക്ക് സയനൈഡ് നൽകിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
ചോദ്യം ചെയ്യൽ കഴിയുന്നതോടെ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അറിയാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വെങ്കിടേശ്വരി കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പിലും പങ്കാളിയായിരുന്നു.