ജോസഫിനെ തള്ളി ജോസ് കെ മാണി; ഒരു മുന്നണിയുമായും സഹകരിക്കില്ല; പ്രതികരിക്കാതെ കെ.എം മാണി
തിരുവനന്തപുരം: പി.ജെ ജോസഫ് രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് കെ.എം മാണി പ്രതികരിച്ചില്ല. എന്നാല്‍ ചരല്‍ക്കുന്നിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ജോസ് കെ മാണി അറിയിച്ചത്.
ഒരു മുന്നണിയുമായും സഹകരിക്കില്ലെന്നായിരുന്നു ചരല്‍ക്കുന്നിലെ തീരുമാനം. രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫ് ഇടുക്കിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് പങ്കെടുത്തത്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പിജെ ജോസഫ് പ്രസംഗിക്കുകയും ചെയ്തു.
ഡിസിസി അധ്യക്ഷന്‍ ഉൾപ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മുന്നണി വിട്ട ശേഷം ആദ്യമായാണ് അദ്ദേഹം യുഡിഎഫ് പരിപാടിയിലെത്തുന്നത്. യുഡിഎഫ് നടത്തുന്ന സമരം ജനകീയ സമരമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ജോസഫിന്റെ നീക്കം.
ഇന്ധനവിലക്കയറ്റം നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് രാപകല്‍ സമരം. വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ പിഴിയുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള യുഡിഎഫിന്റെ രാപകൽ സമരം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരന് കൊച്ചിയിൽ പറഞ്ഞു.
ഇന്ധനവില കുറയ്ക്കണമെന്ന് ഒരിക്കല്‍പ്പോലും കേന്ദ്രത്തോട് ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും രാപകല്‍ സമരം കൊച്ചി വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്ത് സുധീരന് ആരോപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന രാപകല്‍ സമരം കെപിസിസി പ്രസിഡന്റ് എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിലെ കലക്ടറേറ്റുകളിനു മുന്നിലും സമരം നടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 10 വരെയാണ് സമരം.