ചടങ്ങനാശേരിയിൽ പ്രതിയുമായി പോയ പോലീസ് പാമ്പുകടിയേറ്റ യുവതിക്ക് രക്ഷകരായി
ചങ്ങനാശേരി: പാമ്പ് കടിയേറ്റ ആശുപത്രിയിലേക്ക് പോകാൻ വാഹനം കാത്ത് നിന്ന യുവതിക്ക് പ്രതിയുമായി പോയ പോലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിൻ്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്.
ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിൻറെ ഭാര്യ രേഷ്മയെയാണ്(28) വീടിൻറെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി.
ആംബുലൻസിനായി വഴിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പോലീസിൻറെ വാഹനം ആവഴിയെത്തിത്.
വഴിയിലെ ആൾക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്.ഐ റ്റി.എം ഏബ്രഹാമിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിർത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടൻ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവർ രേഷ്മയെയും പ്രദീപിനെയും പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു.
സിവിൽ പോലീസ് ഓഫീസർമാരായ എം ഷമീർ, ബി ബൈജു എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു. ഷമീറാണ് പോലീസ് വാഹനം ഓടിച്ചിരുന്നത്. ആദ്യം രേഷ്മയെ സമീപമുള്ള വാഴൂർ റ്റി.എം.എം ആശുപത്രിയിൽ എത്തിച്ചു.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ഉടൻ എത്തിക്കാൻ തീരുമാനിച്ചു.ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ വീണ്ടും പോലീസ് ഇവരെ വാഹനത്തിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിലെത്തിച്ചു.
ഇതിനുശേഷമാണ് പ്രതിയുമായി പോലീസ് സംഘം പൊൻകുന്നം സബ് ജയിലിൽ എത്തിയത്. പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകിയ കാരണത്തിനു പോലീസ് റിപ്പോർട്ടും ജയിൽ അധികൃതർക്ക് നൽകേണ്ടി വന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ച് വരുന്നു. ഇവരുടെ ഫോൺ നമ്പർ വാങ്ങി പോയ പോലീസ് സംഘം രാവിലെ വിളിച്ച് വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.