മമ്മൂട്ടിക്കുവേണ്ടി പ്രതികരിക്കാന്‍ ആരുമില്ല, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കും
കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയത് മമ്മൂട്ടി പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ സിനിമാരംഗത്ത് നിന്നും ആരുമില്ല !
മുപ്പത്തിയഞ്ച് വര്‍ഷത്തോളം മലയാള സിനിമയെ അടക്കി ഭരിച്ച മെഗാസ്റ്റാറിനു വേണ്ടി സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നു പോലും ഒരു നാവുയരാത്തത് മമ്മൂട്ടിയുടെ ആരാധകരെ മാത്രമല്ല പൊതു സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
‘അമ്മ’ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നടപടിയെ സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ ഗണേശ് കുമാര്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനി ഒരു നിമിഷം പോലും മമ്മൂട്ടി തല്‍സ്ഥാനത്ത് തുടരരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.
പൊലീസ് രചിക്കുന്ന ‘തിരക്കഥ’ വിശ്വസിച്ച് ദിലീപിനെ പുറത്താക്കാന്‍ വാശി പിടിച്ച മൂവര്‍ സംഘത്തിനു മുന്നില്‍ മമ്മൂട്ടി മുട്ടുമടക്കിയതില്‍ മാത്രമല്ല, പുറത്ത് പത്രപ്രവര്‍ത്തകരോട് പറഞ്ഞ ഡയലോഗും ഇപ്പോള്‍ മെഗാസ്റ്റാറിനെ തിരിഞ്ഞു കുത്തുകയാണ്.
‘ക്രിമിനലാണോ എന്ന് ഓരോ വ്യക്തിയേയും സ്ക്രീന്‍ ചെയ്ത് നോക്കാന്‍ പറ്റില്ലല്ലോയെന്ന് ‘ ദിലീപിനെ പുറത്താക്കിയ തീരുമാനം പ്രഖ്യാപിക്കവെ മമ്മൂട്ടി തുറന്നടിച്ചത് ദിലീപിനെ ഏറെ വേദനിപ്പിച്ചിരുന്നു.
സിനിമാ മേഖലയില്‍ മമ്മൂട്ടിയോടൊപ്പം ശക്തമായി അടിയുറച്ച് നിന്നിരുന്നതിന് ലഭിച്ച ‘പ്രതിഫലമാണ്’ ഈ വാക്കുകളെന്നാണ് ദിലീപ് വിഭാഗം സിനിമാപ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്.
ജയിലിലായ ദിലീപിനെ മമ്മൂട്ടി കാണണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലങ്കിലും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് കേസന്വേഷണം മറ്റേതെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കാമായിരുന്നു എന്ന പരിഭവമാണ് അവര്‍ പങ്കു വയ്ക്കുന്നത്.
അതീവ രഹസ്യമായി നടന്ന ദിലീപ് – കാവ്യ വിവാഹത്തില്‍ പോലും മോഹന്‍ലാലായിരുന്നില്ല, മമ്മൂട്ടിയായിരുന്നു വിശിഷ്ടവ്യക്തി. ഇവര്‍ തമ്മിലെ അടുപ്പത്തിന്റെ ഭാഗമായിരുന്നു ക്ഷണം.
ഗണേഷന് വെടി പൊട്ടിച്ചതോടെ ദിലീപിന് തിരിച്ചടിയുണ്ടായപ്പോള്‍ ഇനി തിരിച്ചു വരില്ലെന്ന് കണ്ട് കൈവിട്ട മമ്മൂട്ടിയെ അവസരവാദിയായും ഒരു വിഭാഗം ഇപ്പോള്‍ ചിത്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.
കായല്‍ കയ്യേറ്റമടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന മമ്മൂട്ടിക്ക് എന്ത് ധാര്‍മികതയാണ് ഇനി പറയാനുള്ളതെന്നാണ് ഈ വിഭാഗത്തിന്റെ ചോദ്യം.
പൃഥ്വിരാജ്, രമ്യ നമ്പീശന്, ആസിഫ് അലി എന്നീ മൂവര്‍ സംഘം വാശി പിടിച്ചപ്പോള്‍ പുറത്താക്കലിനു പകരം സസ്പെന്‍ഷനിലെങ്കിലും നടപടി ഒതുക്കാമായിരുന്നു.
എന്നാല്‍ അതുണ്ടായില്ല, യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാകണം ഗണേഷ് കുമാര്‍ ഇത്തരമൊരു പ്രതികരണം ഇപ്പോള്‍ നടത്തിയതെന്നാണ് പ്രതിഷേധക്കാരുടെ ന്യായീകരണം.
രാമലീലയിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ ദിലീപ് ഇപ്പോള്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ കൂടി പ്രസിഡന്റായ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളുടെയടക്കം ചങ്കിടിച്ചു തുടങ്ങിയിട്ടുണ്ട്.