തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ മുരളീധരൻ
തൃശൂർ: തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കാത്തതിന് കാരണമെന്നും മുരളീധരൻ ആരോപിച്ചു. ഏപ്രിൽ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രിൽ 17ന് രാവിലെ തന്നെ ഇക്കാര്യം താൻ മാധ്യമങ്ങളോട് പറഞ്ഞതാണ്.
പൂരം കലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താൻ ഉറച്ച് വിശ്വസിക്കുകയാണ്. സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കൽ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ പറഞ്ഞു. പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്.
പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഡീൽ ആണെന്നും മുരളീധരൻ വ്യക്തമാക്കി.
അതേ സമയം തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും പറഞ്ഞ് സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാറും രംഗത്തെത്തി.
തൃശൂർ പൂരം കലക്കുന്നതിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി.വി അൻവർ എം.എൽ.എ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വി.എസ് സുനിൽ കുമാറിന്റെ പ്രതികരണം.
പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് കൃത്യവിലോപം സംഭവിച്ചിട്ടുണ്ടെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. പൂരം വിവാദത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിരുന്നില്ല.
ഈ റിപ്പോർട്ട് പുറത്ത് വിടാൻ ഉടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. ഒരുപാട് പൂരപ്രേമികളെ വിഷമത്തിലാക്കിയ സംഭവമായിരുന്നു പൂരവിവാദം.
അതുകൊണ്ട് തന്നെ സത്യം പുറത്ത് വരണം. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കൾ തന്നെയാണ് ഇതിന് പിന്നിലുള്ളത് എന്ന് വ്യക്തമാണ്. അതുവരെ പ്രശ്ങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയ പൂരത്തിൽ ആരാണ് ലൈറ്റ് ഓഫാക്കാനും മേള നിർത്തിവെക്കാനും വെടിക്കെട്ട് അവസാനിപ്പിക്കാനും പറഞ്ഞതെന്ന് പുറത്ത് വരണമെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂരം വിവാദം എൽഡിഎഫിന് തിരിച്ചടിയായെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.