തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സി.പി.ഐ നേതാവ്
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കിയതാണെന്നും സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാർ.
ഇതിൻറെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായി. ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാൽ എ.ഡി.ജി.പി അജിത് കുമാറിന് ഇതിൽ പങ്കുണ്ടോയെന്ന് അറിയില്ല.
പി.വി അൻവർ പറഞ്ഞ കാര്യങ്ങളല്ലാതെ തൻറെ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ.
പകൽപ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. എന്നാൽ രാത്രിയോടെ പൊലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിർത്തിവയ്ക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറയുന്നു.
ബി.ജെ.പി സ്ഥാനാർത്ഥി ആർ.എസ്.എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിൻറെ നടത്തിപ്പുകാർക്കും ഇതിൽ പങ്കുണ്ട്.
പൂരം അലങ്കോലപ്പെട്ടത്തിൻറെ ഇരയാണ് താൻ. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ സർക്കാരും എൽ.ഡി.എഫുമാണെന്ന് പ്രചാരണം നടത്തി. തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ തനിക്കെതിരെ ബി.ജെ.പി ജനവികാരം തിരിച്ച് വിട്ടു.
പൂരത്തിൻറെ നടത്തിപ്പിലെ വീഴ്ചയിൽ പൊലീസിൻറെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്ത് വിടണം.
ഇതിൻറെ പിന്നിലെ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിൽ വിശ്വാസപരവും രാഷ്ട്രീയപരവുമായ വിഷയമുണ്ട്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.