ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി; താരത്തെ വരവേറ്റ് ആരാധകര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന് ദിലീപ് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു.
ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടും സന്തോഷം പങ്കിട്ടു. നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍, ധര്മജന് ബോള്‍ഗാട്ടി തുടങ്ങിയ പ്രമുഖരും ജയിലിന് മുന്നിലെത്തിയിരുന്നു.
ദിലീപിനെ മോചിപ്പിക്കാനുള്ള അങ്കമാലി മജിസ്ട്രേറ്റിന്റെ ഉത്തരവുമായി സഹോദരന് അനൂപാണ് ആലുവ സബ്ജയിലിലെത്തിയത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
1. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള് ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.
കേസിന്റെ നാള്‍വഴികള്‍;
ഫെബ്രുവരി 17: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു
ഫെബ്രുവരി 19: കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് പിടിയിലാത്.
ഫെബ്രുവരി 20: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുള്ള തമ്മനം സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 23: തട്ടിക്കൊണ്ടു പോകല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24: തട്ടിക്കൊണ്ടു പോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍ സുനിയുടെ മൊഴി.പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 25: പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞു
ജൂണ്‍ 24: കേസില്‍ ദിലീപിന്റെ പങ്കു വ്യക്തമാവുന്ന നിര്‍ണായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപിന്റെ ആരോപണം.
ജൂണ്‍ 28: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റേയും സംവിധായകന് നാദിര്‍ഷായുടേയും മൊഴിയെടുത്തു. 13 മണിക്കൂറോളമാണ് കേസ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്.
ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെ പൊലീസ്.
അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കി
അതിനിടെ തനിക്ക് അനുകൂലമായി പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ ദിലീപ് പി.ആര് ഏജന്‍സിയെ ചുമതലപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ പത്രങ്ങള്‍ തുടങ്ങിയെന്നും ഫെയ്സ് ബുക്ക് പേജുകള്‍ തുടങ്ങിയെന്നും ആരോപണം ഉയര്‍ന്നു.
അങ്കമാലി മജിസ്ടേട്ട് കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയതോടെ അഡ്വ. രാം കുമാറിന് പകരം ക്രമിനല്‍ അഭിഭാഷകന് രാമന്പിള്ളയെ കേസിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചു
ജൂലൈ 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി
സെപ്തംബര്‍ 3: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു
സംവിധായകന് രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവര്‍ സുരേഷ് കൃഷ്ണ എന്നിവര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു.
കെ.ബി ഗണേഷ്കുമാര് എം.എല്‍.എ, ബെന്നി പി നായരമ്പലം, ആന്റണി പെരുമ്പാവൂര്‍, നടന് ജയറാം എന്നിവര്‍ തൊട്ടടുത്ത ദിവസം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു.
സെപ്തംബര്‍ 5: ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി.
സെപ്തംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബവീട്ടിലെത്തി. ഒന്നര മണിക്കൂര്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചശേഷം ദിലീപ് ജയിലിലേക്ക് മടങ്ങി.
സെപ്തംബര്‍ 14: ജാമ്യം തേടി ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
സെപ്തംബര്‍ 18: അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.