41,000 വർഷം പഴക്കമുള്ള പുരാതന സോംബി വൈറസുകളെ ഹിമാലയത്തിൽ കണ്ടെത്തി
ന്യൂഡൽഹി: 41,000 വർഷം വരെ പഴക്കമുള്ള ആയിരക്കണക്കിന് പുരാതന സോംബി വൈറസുകളെ ഹിമാലയത്തിൽ ഗവേഷകർ കണ്ടെത്തി. വടക്ക് പടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന്, ചൈനയിൽ നിന്നും യു.എസിൽ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് മുമ്പ് അറിയപ്പെടാത്ത 1,700ലധികം വൈറസുകളെ കണ്ടെത്തിയത്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.
ഇവ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു. ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവയെന്നാണ് നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മ ജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പഠനത്തിൻറെ ഭാഗമല്ലാത്ത മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ അഭിപ്രായത്തിൽ, ഒരു വൈറസ് പരിണമിച്ചാൽ, മറ്റൊരു പ്രത്യേക ബാക്ടീരിയൽ സ്പീഷിസിനെ അത് ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്തേക്കാം. ഇത്തരത്തിൽ സംഭവിച്ചാൽ അത് മാനവരാശിക്ക് തന്നെ വെല്ലുവിളിയായി മാറിയേക്കാമെന്നും എറിൻ പറയുന്നു.
പഴയ വൈറസുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് വിഷമിക്കുന്നതിന് പകരം പുതിയ വൈറസുകൾ വികസിക്കുന്നതിനെ കുറിച്ചാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അവർ സൂചിപ്പിച്ചു.