എ.ഡി.ജി.പി സോളാർ കേസ് അട്ടിമറിച്ചു: ശബ്ദ സന്ദേശവുമായി വീണ്ടും പി.വി അന്‍വര്‍
മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി പി.വി അൻവർ എം.എൽ.എ. സോളാർ കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എം.എൽ.എ പുറത്ത് വിട്ടത്.
കേസ് അട്ടിമറിച്ചതിലെ പ്രധാന ഉത്തരവാദി അജിത്ത് കുമാറാണെന്ന് എം.എല്‍.എ ആരോപിച്ചു. കേരള ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസാണ് സോളാർ കേസ്.
അത് അട്ടിമറിച്ചത് എങ്ങനെയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയതാണിത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എ.ഡി.ജി.പി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റി.
ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതയ്ക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സരിത പല മൊഴികളും മാറ്റിയത്.
എടവണ്ണ കേസിൽ എ.ഡി.ജി.പി നിരപരാധിയെ കുടുക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി എ.ഡി.ജി.പി അജിത് കുമാറിന് ബന്ധമുണ്ട്. കവടിയാർ കൊട്ടാരത്തിനടുത്ത് എ.ഡി.ജി.പി ആഡംബര വീട് പണിയുന്നുണ്ട്.
15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പണിയുന്നത്. ഇവിടെ 10സെന്റ് സ്ഥലം അജിത് കുമാറിന്റെയും 12സെന്റ് സഹോദരന്റെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 65 മുതൽ 75 ലക്ഷം വരെയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു. കൂടാതെ അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്.
മുജീബ് എന്നയാളാണ് പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്.
നാളെ മുഖ്യമന്ത്രിയെ കണ്ട് താൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കും.അന്വേഷണ സംഘത്തിനോട് സഹകരിച്ച് എല്ലാ തെളിവുകളും കൊടുക്കുമെന്നും ഒരു റിട്ടയർഡ് ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അൻവർ അറിയിച്ചു.