രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ല; നിശബ്ദത ക്രൈമിന് വഴിവച്ചുവെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ കാരവാനില്‍ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.
രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ല, അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
അവര്‍ ചെന്നൈയില്‍ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിലും വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകള്‍ക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ടെങ്കില്‍ അവരും ഇതുപോലെ കാര്യങ്ങള്‍ പൂഴ്ത്തിവച്ചുവെന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.
ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. രാധിക പോലീസില്‍ പരാതി നല്‍കണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താന്‍ പറ്റില്ല. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താന്‍ സാധിക്കൂ. സിനിമ എന്നത് വളരെ അടുത്തിടപഴകുന്നൊരു മേഖലയാണ്.
ഒരു കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, എന്തിനേറെ ഡ്രഗ്സ് വരെ ഉപയോഗിക്കുന്നു.
ആരാണ് ഇതിനെതിരേ സംസാരിക്കുന്നത്. ഇവിടെ ഇങ്ങനെ നടക്കുകയാണെന്ന് പറഞ്ഞ് പരാതി കൊടുക്കയോ, ഇല്ലെങ്കില്‍ സര്‍ക്കാരിന്റെയോ പോലീസിന്റെയോ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ടോ.
ഒരു ക്രൈം നടക്കുമ്പോള്‍ അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്നത് അതിനെക്കാള്‍ വലിയ ക്രൈം ആണെന്ന് പറയാറില്ലേ എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
നേരത്തെ, ലൊക്കേഷനുകളിലെ കാരവാനില്‍ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നായിരുന്നു നടി രാധിക ശരത്കുമാര് വെളിപ്പെടുത്തിയത്.
ഈ ദൃശ്യങ്ങള്‍ സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും അവര്‍ പറഞ്ഞു. കാരവാനില്‍ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര് സൂക്ഷിക്കുന്നു.
ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഇക്കാര്യം നേരില്‍ കണ്ടതിന് ശേഷം ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.