കാരവാനിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് നടി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളുപ്പെടുത്തി നടി രാധിക ശരത്കുമാർ. നടിമാരുടെ നഗ്നദൃശ്യങ്ങൾ കാരവാനിൽ രഹസ്യമായി കാമറ വച്ച് പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു.
കാരവാനിൽ ഒളികാമറ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെ പേരിലും പ്രത്യേകം ഫോൾഡറുകളുണ്ടെന്നും നടി വ്യക്തമാക്കി.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. നോയെന്ന് പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഞാൻ കണ്ടത് പറയാം.
ഞാനിങ്ങനെ നടന്നുപോകുമ്പോൾ കുറേപേർ എന്തോ വിഡിയോ ഒരുമിച്ച് ഇരുന്ന് കാണുന്നുണ്ട്. ഇതെന്താണ് കാണുന്നതെന്ന് ഞാൻ ഒരാളോട് ചോദിച്ചു. എല്ലാ കാരവനിലും ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്ത് വച്ചിട്ടുണ്ടെന്നും നടിമാരുടെ പേര് വച്ച് ഫോൾഡറിൽ തിരഞ്ഞാൽ ആ വിഡിയോ കാണാനാകുമെന്നും പറഞ്ഞു. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല.
പിന്നീട് എനിക്കു കാരവനിൽ പോകാൻ പോലും ഭയമായിരുന്നുവെന്നും രാധിക പറഞ്ഞു. പെൺകുട്ടികൾ വസ്ത്രം മാറുന്ന വിഡിയോ ഞാൻ കണ്ടു. പിന്നീട് ബഹളംവച്ച് ഇക്കാര്യം അറിയിച്ചു.
എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നിരുന്നു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. നിലത്ത് കിടന്ന് തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്ക് തന്നെയേ വീഴുകയുള്ളൂ. അതുകൊണ്ടാണ് പേരു പറയാത്തതെന്നും രാധിക വ്യക്തമാക്കി.