മറയൂർ ശർക്കരയുടെ രുചി ഇനി ലോകം അറിയും: ഇനി മുതൽ ലോക വിപണിയിലേക്ക്
ഇടുക്കി: മികച്ച വിദ്യാഭ്യാസത്തിലൂടെയും പരമ്പരാഗത തൊഴിൽ ശാക്തീകരണത്തിലൂടെയും മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് പുരോഗതി കൈവരിക്കാനാകൂവെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.
പട്ടിക വർഗ വികസന വകുപ്പിന്റെ സഹ്യകിരൺ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശർക്കര നിർമ്മാണ പ്ലാന്റിന്റേയും മറയൂർ മധുരം ശർക്കരയുടെ വിപണനത്തിന്റെയും ഉദ്ഘാടനം കാന്തല്ലൂരിൽ നിർവഹിക്കുക ആയിരുന്നു അദ്ദേഹം. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽ രക്ഷകർത്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണം. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രമോട്ടർമാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെന്റ് തിരഞ്ഞെടുത്ത പരമ്പരാഗത തൊഴിലുകളിലൊന്നാണ് മറയൂർ ശർക്കര നിർമ്മാണം.
കാലങ്ങളായി ശർക്കര നിർമ്മാണവും കരിമ്പ് കൃഷിയും ചെയ്ത് വരുന്ന മറയൂരിലെ നൂറ്റിയമ്പതോളം പട്ടികവർഗ കുടുംബങ്ങളെ സംഘടിപ്പിച്ച് മറയൂർ - കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് ശർക്കര നിർമ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്.
പരമ്പരാഗത തൊഴിൽശാക്തീകരണ പരിപാടിയുടെ ഭാഗമായി എസ്.സി.എ, ടി.എസ്.എസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പൂർണ്ണമായും പട്ടിക വർഗ്ഗ കുടുംബങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള ഈ സംരഭം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. പട്ടിക വർഗ്ഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ്ഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കാന്തല്ലൂർ പഞ്ചായത്തിലെ ദണ്ട്കൊമ്പ് കോളനിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പരിപാടിയിൽ അഡ്വ. എ രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സെൻറർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് സി.എം.ഡി ഡോക്ടർ ബിനോയ് ജി കാറ്റാടിയിൽ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ അനിൽകുമാർ ജി, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി തങ്കച്ചൻ, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപ അരുൾ ജ്യോതി, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.