ഓണം അടുത്തിട്ടും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ
തിരുവനന്തപുരം: പ്രധാന ട്രെയിനുകളിൽ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റ് നൂറിന് മുകളിലായി. ബുക്കിങ്ങ് തുടങ്ങി ദിവസങ്ങൾക്കകം സ്ലീപ്പർ ടിക്കറ്റുകളും എ.സി ടിക്കറ്റുകളും തീർന്നു. ഇതോടെ ബാംഗ്ലൂരിലും ചെന്നൈയിലും അടക്കമുള്ള മലയാളികൾക്ക് ഓണക്കാലത്ത് നാട്ടിലെത്താനും മടങ്ങാനും ബുദ്ധിമുട്ടാകും.
ഓണക്കാലത്ത് ടിക്കറ്റ് റദ്ദാക്കാനുള്ള സാധ്യതയും കുറവാണ്. ഓണക്കാല ടൂറിസത്തിന്റെ ഭാഗമായി ആളുകളെത്തുന്നതും ടിക്കറ്റ് ലഭ്യതയെ ബാധിക്കുന്നുണ്ട്. തിരക്ക് കുറയ്ക്കാൻ ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ അനുവദിക്കാറുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടില്ല.
യാത്ര വേഗത്തിലാക്കാനെന്ന് കൊട്ടിഘോഷിച്ച് റെയിൽവേ നൽകിയ എറണാകുളം - ബാംഗ്ലൂർ വന്ദേഭാരത് പ്രത്യേക സർവീസ് തിങ്കളാഴ്ച അവസാനിച്ചു. ഇത് ഓണം സർവീസായി നീട്ടുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഇതുവരെ റെയിൽവേയുടെ അറിയിപ്പുണ്ടായിട്ടില്ല.
ശനി, ഞായർ ദിവസങ്ങളിൽ ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. ഇതിനൊപ്പം ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന, ബസ് ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്.
ബാംഗ്ലൂരിലേക്കുള്ള സ്വകാര്യ ബസുകളിൽ സെപ്തംബർ 13 മുതൽ 17 വരെയുള്ള ടിക്കറ്റ് ബുക്കിങ് പകുതിയോളം ആയിട്ടുണ്ട്.‘ഓണത്തിന് പതിവായി നാട്ടിലേക്ക് ട്രെയിനിനാണ് വരുന്നത്, ഇത്തവണ ബംഗളൂരു - കന്യാകുമാരി ട്രെയിനിന് ടിക്കറ്റെടുത്തെങ്കിലും വെയിറ്റിങ്ങ് ലിസ്റ്റ് 75 ആണെന്ന് ബാംഗ്ലൂർ മലയാളിയായ സിനി റിജു പറയുന്നു.
അവസാന നിമിഷം ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസോ സ്വന്തം വാഹനമോ അശ്രയിക്കണം. കായംകുളം വരെ കുട്ടികളുമായി ബസിൽ വരുന്നത് ബുദ്ധിമുട്ടാണ്. സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും സിനി പറഞ്ഞു.