ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റി; തട്ടിപ്പ് തടയാന്‍ നിയമങ്ങള്‍ അപര്യാപ്തം
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്. തട്ടിപ്പിന് സരിതയും, ബിജുവും സ്റ്റാഫിനെ ഉപയോഗിച്ചു. കേസ് ഒത്തുതീര്‍ക്കാനും ഓഫീസിനെ ഉപയോഗിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണ സംഘം വേണ്ട രീതിയില്‍ കേസ് അന്വേഷിച്ചില്ല. അന്വേഷണം സരിതയിലും, ബിജു രാധാകൃഷ്ണനിലും മാത്രം ഒതുങ്ങി. ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. സോളാര്‍ തട്ടിപ്പ് ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക് സോളാര്‍ കമ്മീഷന് കൈമാറിയിരിക്കുന്നത്. സോളാര്‍ കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുറത്തുവന്ന കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച പത്തു മിനിറ്റിലധികം നീണ്ടുനിന്നു. എന്നാല്‍ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സോളാർ കമ്മിഷന് റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ തരമുള്ളൂവെന്നു കേസിലെ മുഖ്യപ്രതി സരിത എസ്.നായർ പറഞ്ഞു. കമ്മിഷന്റെ നടപടികളോടു പൂര്‍ണമായി സഹകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കമ്മിഷന് ശേഖരിച്ചിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ക്രൈംബ്രാഞ്ച് കേസുകള്‍ അവസാനിച്ചിട്ടില്ല. അവ തുടരുമെന്നും സരിത മാധ്യമങ്ങളോടു പ്രതികരിച്ചു.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മിഷന് അന്വേഷിച്ചത്. ടീം സോളാര്‍ നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.
2013 ഒക്ടോബര്‍ 23നാണ് ജസ്റ്റിസ് ശിവരാജന് അധ്യക്ഷനായ ഏകാംഗകമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ സരിതയുമായി നടത്തിയ ഫോണ്‍രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്. പ്രധാനസാക്ഷിയായ സരിതയില്‍നിന്നടക്കം തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയതാണ് കമ്മിഷന് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.
തെളിവെടുപ്പിന്റെ ഭാഗമായി സോളാര്‍കമ്മിഷന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായി പതിനാല് മണിക്കൂറോളം വിസ്തരിച്ചിരുന്നു. ആകെ 56 മണിക്കൂറാണ് കമ്മിഷന് ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചത്. സരിതയെ 16 ദിവസങ്ങളിലായി 66 മണിക്കൂറും വിസ്തരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് എന്നിവരും തെളിവുകള്‍ നല്കി. മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന് മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെയും വിസ്തരിച്ചു.
2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. മൊത്തം 216 സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോരേഖകള്‍, അച്ചടിച്ച രേഖകള്‍ എന്നിവ കമ്മിഷനില്‍ ഹാജരാക്കി. കമ്മിഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് ഒരു ദിവസം മുന്‍പേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.