പാക്കിസ്ഥാന് കുടുങ്ങി, ആണവകേന്ദ്രങ്ങള്‍ ഇന്ത്യ തിരിച്ചറിഞ്ഞതില്‍ പരക്കെ ആശങ്ക
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ആണവ കേന്ദ്രങ്ങൾ അമേരിക്കന്‍ ചാരകണ്ണുകള്‍ കണ്ടെത്തിയത് പാക്കിസ്ഥാന് കനത്ത പ്രഹരമായി.
ഒന്‍പതോളം മേഖലകളില്‍ അതീവ രഹസ്യമായി പാക്കിസ്ഥാന് ഒളിപ്പിച്ച ആണവായുധങ്ങളില്‍ ചിലത് എവിടെയാണെന്നതിനെ സംബന്ധിച്ച് ഇന്ത്യക്ക് നേരത്തെ ചില ‘ ധാരണകള്‍’ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കൃത്യമായ വിവരം അമേരിക്കന്‍ ശാസ്ത്രഞര്‍ സി.ഐ.എയുടെ സഹായത്തോടെ കണ്ടെത്തിയത് ഇന്ത്യക്ക് ‘ കാര്യങ്ങള്‍’ എളുപ്പമാക്കിയിരിക്കുകയാണ്.
ഇത് തന്നെയാണിപ്പോള്‍ പാക്കിസ്ഥാന്റെ ചങ്കിടിപ്പിക്കുന്നത്.
പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് നാല് ആണവായുധള് സൂക്ഷിച്ചിരിക്കുന്നത്.
മറ്റു മൂന്നെണ്ണം സിന്ധ് പ്രവിശ്യയിലും ഒരെണ്ണം ബലൂചിസ്ഥാനിലും മറ്റൊരെണ്ണം ഖൈബര്‍ പഖ്തുന്‍ഖ്വായിലുമാണ്.
ഇനി ഇവിടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലന്ന നിലപാടിലാണ് പാക്ക് സൈന്യവും ഭരണകൂടവും.
മറ്റൊരിടത്തേക്ക് ഇനി മാറ്റിയാലും അമേരിക്കയുടെയും ഇന്ത്യയുടെയും ചാരക്കണ്ണുകള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നത് പാക്കിസ്ഥാനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇന്ത്യക്ക് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി ‘മൊസാദ് ‘ നല്കുന്ന വിവരങ്ങളെയാണ് സി.ഐ.എയേക്കാൾ പാക്കിസ്ഥാന് ഭയപ്പെടുന്നത്.
ഇപ്പോള്‍ അമേരിക്ക പുറത്തുവിട്ട ആണവ വിവരം പോലും സി .ഐ.എക്ക് മൊസാദില്‍ നിന്നും ലഭിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പാക്കിസ്ഥാന് കരുതുന്നത്.
ദോക് ലാമില്‍ ചൈനയുടെ ‘അതിര്‍ത്തിയില്‍’ പോലും കയറാന്‍ ധൈര്യം കാട്ടിയ ഇന്ത്യ, പാക്ക് അധീന കാശ്മീരില്‍ അവസരം ലഭിച്ചാല്‍ കയറി പിടിച്ചെടുക്കുമെന്നാണ് പാക്ക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ഇനിയൊരു മിന്നല്‍ ആക്രമണമുണ്ടായാല്‍ ഇന്ത്യ അതിന് ശ്രമിക്കുമെന്നും അതിനു മുന്‍പ് പാക്കിസ്ഥാന് കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണെന്നുമാണ് അവരുടെ പക്ഷം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആണവകേന്ദ്രങ്ങള്‍ പുറം ലോകം അറിഞ്ഞതിനാല്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായാല്‍ ആദ്യം ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുക.
അത് സ്വന്തം ജനതയുടെ സര്‍വ്വനാശത്തിലാണ് കലാശിക്കുകയെന്നാണ് പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ചൈനയെ മാത്രം ആശ്രയിക്കാതെ മുസ്ലീം രാഷ്ട്രമായ ഇറാനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കണമെന്നും റഷ്യയുമായി ബന്ധം ഊഷ്മളമാക്കണമെന്നുമാണ് പാക്ക് സൈന്യത്തിന്റെ നിലപാട്.
അമേരിക്ക ഇന്ത്യയുമായി സഹകരണം ശക്തമാക്കിയിട്ടും റഷ്യ പഴയ ബന്ധം ഇന്ത്യയുമായി തുടരുന്നത് പാക്കിസ്ഥാനെ അത്ഭുതപ്പെടുത്തുന്നുണ്ട്.
അതുപോലെ ഇറാനെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെതിരെ ഉപയോഗിക്കുന്നതും ഇന്ത്യയുടെ തന്ത്രപരമായ നീക്കമായിട്ടാണ് പാക്ക് നയതന്ത്ര വിദഗ്ദരും നോക്കി കാണുന്നത്.
ചൈന-പാക്ക് സംയുക്ത ആക്രമണം ഇന്ത്യക്ക് ഭാവിയില്‍ നേരിടേണ്ടി വന്നാല്‍ അമേരിക്ക, റഷ്യ, ,ജപ്പാന്, ഫ്രാന്‍സ്, ബ്രിട്ടണ്, ജര്‍മ്മനി, ഇസ്രയേല്‍ രാജ്യങ്ങളെ കൂടെ നിര്‍ത്തുവാനാണ് ഇന്ത്യ ശ്രമിക്കുക.
മാത്രമല്ല ചൈനയുടെയും പാക്കിസ്ഥാന്റെയും അയല്‍ രാജ്യങ്ങളായ ഇറാന്, അഫ്ഗാനിസ്ഥാന്, വിയറ്റ്നാം, ഭൂട്ടാന് തുടങ്ങിയയിടങ്ങളില്‍ സൈനിക താവളം തുറക്കാനും ഇന്ത്യക്ക് കഴിയും.
ഇത് പാക്ക്-ചൈന കൂട്ട് കെട്ടിന് വലിയ വെല്ലുവിളിയാകുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
ഇതിനിടെ, ശത്രു രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താവുന്ന ആണവ രഹസ്യം പോലും സൂക്ഷിക്കാന്‍ പറ്റാത്ത പാകിസ്ഥാന്റെ അവസ്ഥ പരിതാപകരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ആണവായുധങ്ങള്‍ തീവ്രവാദ ഗ്രൂപ്പില്‍ എത്തിചേരാന്‍ സാധ്യതകൂടുതലാണെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
ഉത്തര കൊറിയക്ക് ആണവസാങ്കേതികവിദ്യ നല്‍കിയതിന് പാക്കിസ്ഥാന് അമേരിക്ക നല്കിയ തിരിച്ചടിയാണ് ആണവ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.