മണിച്ചിത്രത്താഴ് റീറിലീസിലും പഴയ തെറ്റ് തിരുത്തിയില്ല; പരിഭവമില്ലെന്ന് ജി വേണുഗോപാൽ
കൊച്ചി: മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുത്തൻ ടെക്നോളജികളിൽ വീണ്ടും റീറിലീസിനെത്തിയിരുക്കുകയാണ്.
ഇപ്പോഴിതാ പഴയ ഒരു തെറ്റ് ഇപ്പോഴും തിരുത്തിയിട്ടില്ലെന്ന് ഓർമിപ്പിച്ച് രസകരമായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ രംഗത്തെത്തിയിരിക്കുയാണ്.
പഴയ ഒരു തെറ്റ് തിരുത്തി, ടൈറ്റിൽ കാർഡിൽ തൻറെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ചിത്രത്തിൻറെ ടൈറ്റിൽ ഗാനമായ അക്കുത്തിക്കുത്താനക്കൊമ്പിൽ എന്ന ഗാനം ചിത്രയ്ക്കൊപ്പം ആലപിച്ചത് ജി. വേണുഗോപാലായിരുന്നു. എന്നാൽ ജി. വേണുഗോപാലിൻറെ പേര് ടൈറ്റിൽ കാർഡിൽ കാണിച്ചിട്ടില്ല. ഇതിനെക്കുറിച്ചുള്ള ഓർമ്മയാണ് വണുഗോപാൽ പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിൻറെ പുതിയ ഡിജിറ്റൽ പ്രിൻറ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എൻറെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിൻറിലും എൻറെ പേരില്ല. അതിൻറെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു.
തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. "ഓർമ്മച്ചെരാതുകൾ " എന്ന എൻറെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു.
എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. " അക്കുത്തിക്കുത്താനക്കൊമ്പിൽ " എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ Dr. Sunny യുടെ രംഗപ്രവേശം ഇൻറർവെൽ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. Sunny ഇൻറർവെല്ലിന് മുൻപ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എൻറെ പേര് വിട്ടു പോകുന്നു.
ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ.