രാജ്യത്ത് ‘വൈദ്യുതി വിപ്ലവം’; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യം
ന്യൂഡൽഹി∙ രാജ്യത്ത് മുഴുവൻ വൈദ്യുതി എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 മാർച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കും. 500 രൂപയ്ക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കും. ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യമായി വൈദ്യുതി നൽകും. വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സർക്കാരിന്റെ നിർണായക മാർഗരേഖ പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സൗഭാഗ്യ യോജന, ദീൻദയാൽ ഊർജ ഭവൻ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ നിന്ന്:
∙ ‘സൗഭാഗ്യ’ പദ്ധതി ക്ലീൻ എനർജിയാണ് ഉപയോഗിക്കുന്നത്. ജല, സോളർ, ആണവ വൈദ്യുത പദ്ധതികൾ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
∙ നമ്മൾ നിതി (പദ്ധതികൾ) മാത്രമല്ല, നിയതും (ലക്ഷ്യം) കാര്യക്ഷമമാക്കി
∙ നേരത്തേ, കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്.
∙ വൈദ്യുതി ക്ഷാമം രാജ്യത്ത് ഇല്ലാതാവുകയാണ്. വൈദ്യുതി ആവശ്യത്തിലധികമായി മാറാൻ പോവുകയാണ്.
∙ മുൻ സർക്കാരിന്റെ കാലത്ത് കൽക്കരി ക്ഷാമവും വൈദ്യുതി മുടക്കവും ബ്രേക്കിങ് വാർത്തകളായിരുന്നു.
∙ ‘പുതിയ ഇന്ത്യ’യിൽ എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ സർക്കാർ ഉറപ്പാക്കും. വൈദ്യുതി വിപ്ലവമാണ് ലക്ഷ്യം.
∙ പാവങ്ങൾക്കെല്ലാം വൈദ്യുതി ലഭ്യമാക്കും. അതിന് പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ല. ഗ്രാമമുഖ്യന്മാരെയാണ് ഗ്രാമീണർ നേരത്തെ ഇതിനായി സമീപിച്ചിരുന്നത്. ഇനി സർക്കാർ പാവങ്ങളുടെ അടുത്ത് നേരിട്ടെത്തും.
∙ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും.
∙ സമ്പൂർണ വൈദ്യുതീകരണത്തിനായി 16,000 കോടി രൂപയാണ് മാറ്റിവയ്ക്കുന്നത്. എന്നാൽ ഇതിന്റെ ഭാരം പാവങ്ങളിൽ ചുമത്തില്ല.
∙ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.
∙ നാലു കോടി വീടുകളിലെ സ്ത്രീകൾ ഇരുട്ടിലാണു പാചകം ചെയ്യുന്നത്. രാത്രിയിൽ വീടിനു പുറത്തിറങ്ങുന്നത് കഠിനമാണ്. വൈദ്യുതിയില്ലാത്ത ജീവിതങ്ങളെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കിട്ടിയാൽ മാത്രമേ പാവങ്ങളുടെ ജീവിതം മെച്ചപ്പെടൂ.
∙ ആ വീടുകളിൽ ബൾബുകളില്ല. മെഴുകുതിരികളുടെയും റാന്തലിന്റെയും വെട്ടത്തിലാണ് ആ വീടുകളിലെ കുട്ടികൾ പഠിക്കുന്നത്
∙ സ്വതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടിട്ടും നാലു കോടി കുടുംബങ്ങൾക്ക് വൈദ്യുതി കിട്ടിയിട്ടില്ല.
∙ പാവങ്ങൾക്കായി സർക്കാരിന്റെ വലിയ പദ്ധതിയാണ് പ്രധാനമന്ത്രി സഹജ് ബിജിലി യോജന– സൗഭാഗ്യ
∙ ഒൻപത് കോടി ജനങ്ങൾക്ക് ഈടില്ലാതെ ബാങ്ക് വായ്പ അനുവദിച്ച സർക്കാരാണിത്
∙ 30 കോടി ജനങ്ങൾക്കാണ് സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്തത്.
∙ ജൻധൻ മുതൽ സ്വച്ഛ് ഭാരത് വരെ, സ്റ്റാൻഡ് അപ് ഇന്ത്യ മുതൽ സ്റ്റാർട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിനായാണ്.
∙ കഴിഞ്ഞ വർഷം ഇതേ ദിവസം ദിവസം പാവങ്ങളുടെ ക്ഷേമത്തിനായാണ് മാറ്റിവച്ചത്.
∙ ഇന്നത്തെ ദിനത്തിൽ മൂന്ന് പുണ്യകാര്യങ്ങളാണുള്ളത്. നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിനം, ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം, ദീൻദയാൽ ഭവന്റെ ഉദ്ഘാടനം എന്നിവ.
രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുസമ്മതിച്ചു. മൂന്നു വർഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു തനിക്കുള്ളത്. അഴിമതിക്കാരാരും തന്റെ സുഹൃദ്സംഘത്തിലിലില്ല. അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു മോദിയുടെ തുറന്നുപറച്ചിൽ. ചൈനയുമായുള്ള ദോക്ല പ്രശ്നം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങൾക്കെതിരെ ബിജെപി പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.
അതിനിടെ, പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങൾ ഉപദേശിക്കാനായി അഞ്ചംഗ സമിതിയെ നിയമിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്റോയി ആണ് സമിതി അധ്യക്ഷൻ. സുർജിത് ഭല്ല, റതിൻ റോയ്, അഷിമ ഗോയൽ, രത്തൻ വത്തൽ എന്നിവരാണ് സമിതി അംഗങ്ങൾ.