യുവ ഡോക്ടറുടെ കൊലപാതകം; പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: കോൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളെജിൽ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
വിഷയം സ്വമേധയാ പരിഗണിച്ച കോടതി, കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രാജ്യത്താകമാനം ഡോക്ടർമാരുടെ സുരക്ഷയിൽ ആശങ്കയുളവാക്കുന്നതാണ് കോൽക്കത്തയിലെ സംഭവമെന്നും കോടതി.
സ്ത്രീകൾക്ക് ജോലിക്കു പോകാൻ സാധിക്കാതിരിക്കുകയും തൊഴിൽ സാഹയര്യങ്ങൾ അരക്ഷിതമായി തുടരുകയും ചെയ്യുമ്പോൾ അത് തുല്യതയുടെ നിഷേധമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വി. ചേന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡോക്ടർ കൊല്ലെപ്പട വിവരം അറിഞ്ഞിട്ടും അധികൃതർ എന്തു ചെയ്യുകയായിരുന്നു എന്നു കോടതി ചോദിച്ചു. ആത്മഹത്യയായി എഴുതിത്തള്ളാനാണ് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ആദ്യം ശ്രമിച്ചതെന്നും കോടതി.
ഈ പ്രവൃത്തിയിൽ സംശയം നിലനിൽക്കെ തന്നെ മറ്റൊരു കേളെജിൻറെ പ്രിൻസിപ്പലായി അദ്ദേഹത്തിന് അടിയന്തര മാറ്റം കിട്ടിയതെങ്ങനെയാണെന്നും കോടതി.
ആയിരക്കണക്കിന് ആളുകൾ അടങ്ങുന്ന സംഘത്തിന് എങ്ങനെയാണ് മെഡിക്കൽ കോളെജ് കാംപസിൽ കയറി അക്രമം നടത്താൻ സാധിച്ചതെന്ന് പൊലീസിനോടും കോടതി ആരാഞ്ഞു.
സംസ്ഥാന സർക്കാരിൻറെ അധികാരം അക്രമത്തിൽ പ്രതിഷേധിക്കുന്നവർക്കു മേലല്ല പ്രയോഗിക്കേണ്ടത്. തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താൻ ദേശീയതലത്തിൽ പ്രോട്ടോകോൾ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസിൻറെ ബെഞ്ച് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായി തകർന്നു എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ വാദിച്ചത്. കോൽക്കത്ത പൊലീസിൻറെ അറിവില്ലാതെ ഏഴായിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടത്തിന് കാംപസിൽ കയറാൻ സാധിക്കില്ലെന്നും മേത്ത പറഞ്ഞു.
പി.ജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിനെ തുടർന്ന് രാജ്യത്തെ ഡോക്ടർമാർ ആരംഭിച്ച സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആശുപത്രിയിലെ സെമിനാർ ഹാളിൽ നിരവധി മുറിവുകളോടെയാണ് പി.ജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.