എല്ലാം തകർന്ന നിമിഷം
ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
എല്ലാം തകർന്നുവെന്നു കരുതുന്ന പ്രതിസന്ധികൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ പലപ്പോഴും സംഭവിക്കാണ്ട്. അടുത്ത ചുവടുകൾ എവിടെ വെയ്ക്കണമെന്ന് അറിയാത്ത ഇരുൾ നിറഞ്ഞ വഴി, സഹായിക്കാൻ ആരുമില്ല എന്ന ചിന്തകൾ, നടന്നു നീങ്ങേണ്ട ദൂരവും ദിശയും അറിയാൻ കഴിയുന്നില്ല, കാഴ്ച വ്യക്തമല്ല, ഓർമ്മയിലെ നിലാവ് മാഞ്ഞുപോയ ദിനങ്ങൾ, മുന്നോട്ടു വെയ്ക്കുന്ന ചുവടുകളെക്കാൾ പിന്നിലേയ്ക്ക് വഴുതിപ്പോകുന്ന കാലടികൾ, നിരാശയുടെ ചൂടിൽ കണ്ണുനീർ തുള്ളികളിൽ പോലും മാഞ്ഞുപോകുന്ന നിമിഷങ്ങൾ, വിചാരങ്ങളുടെ അഗ്നിയെ തണുപ്പിക്കാൻ പ്രത്യാശയുടെ നിഴൽ വീഴാത്ത ദിനങ്ങൾ… എല്ലാം തകരുന്ന നിമിഷം എന്ന വാക്കുകളിൽ ഈ അനുഭവത്തിന്റെ ആഘാതവും വേദനയും നിരാശയും ഉൾക്കൊള്ളുന്നുണ്ട്. ഇങ്ങനെയുള്ള ഒരു നിമിഷം ഒരുപക്ഷേ, ഒരാളുടെ ജീവിതത്തിന്റെ പൂർണ്ണമായ ദിശ തന്നെ മാറ്റി മറിക്കാം.
തകരുന്ന നിമിഷം പരിരക്ഷയുടെ കൂടി നിമിഷങ്ങാണ്. ഓരോ തകർച്ചയും നമ്മുടെ ജീവിതത്തിൽ നാം സഞ്ചരിക്കാത്ത വഴികൾ തുറക്കുന്നുണ്ട്. നാം അറിയാതെ പോയ അപൂർവ്വമായ നേരുകൾ നമുക്ക് വെളിപ്പെടുത്തുന്നുണ്ട്. നാം ഇതുവരെ അറിയാത്ത അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. പുതിയ ചിന്തകൾ, പെരുമാറ്റ രീതികൾ, മൂല്യങ്ങൾ, പാഠങ്ങൾ, പരിഹാരങ്ങൾ, അനുഗ്രഹങ്ങൾ, വിജയങ്ങൾ, ബന്ധങ്ങൾ ഇങ്ങനെ എത്രയോ കാര്യങ്ങളാണ് പ്രതിസന്ധി ഘട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്നത്?
തകരുന്ന നിമിഷം വളർച്ചയുടെ, പരിണാമത്തിന്റെ, ആത്മാവബോധത്തിന്റെ സ്വാതന്ത്ര്യത്തിന്റെ, മാറ്റത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പ്രതീക്ഷയുടെ, പുനരാവിഷ്ക്കരണത്തിൻ്റെ, പ്രശ്ന പരിഹാരങ്ങളുടെ എല്ലാം നിമിഷങ്ങാണ്.
തകരുന്ന നിമിഷം എന്നതിൻറെ യഥാർത്ഥ അർഥം, ആ നിമിഷങ്ങൾ തകർന്നുവെന്നല്ല, നമുക്ക് ആ നിമിഷങ്ങളോടുളള, ജീവിതത്തോടുള്ള, വൈകാരികവും മാനസികവുമായ അനുഭവങ്ങളുടെ അവസ്ഥയാണ് ശിഥിലമായതെന്നാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ, നിമിഷങ്ങളല്ല, നമ്മുടെ മനസ്സുകൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വിശ്വാസങ്ങൾ, ബന്ധങ്ങൾ ഇവയൊക്കെയായിരിക്കും തകരുന്നത്. പുഴ കടന്നുപോകുമ്പോൾ ഒലിച്ചു പോകുന്ന തീരം പോലെ, കാലത്തിന്റെ ഒഴുക്കിൽ, സമയത്തിന്റെ തരംഗത്തിൽ, തകരുന്നത് നിമിഷമല്ല; നമ്മുടെ മനസ്സിൽ അവയോട് അനുഭവപ്പെടുന്ന അനുഭവങ്ങൾ, വികാരങ്ങൾ, പ്രതീക്ഷകൾ എന്നിവയാണ്. നമ്മുടെ മനസ്സ് തകരാതിരുന്നാൽ, തളരാതിരുന്നാൽ വേദനയുടെ കണ്ണുനീർ ആയിരം തവണ മായിക്കാൻ നമുക്ക് കഴിയും.
ശുഭദിനം!