ഹേമ കമ്മിഷന്റ റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് ഇന്ന്(ഓഗസ്റ്റ് 17) പുറത്ത് വിടില്ല.
കമ്മിഷന് മുന്നിൽ മൊഴി കൊടുത്തിരുന്നെന്നും റിപ്പോർട്ടിന്റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അതിനാൽ റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നും കാണിച്ചു കൊണ്ട് നടി രഞ്ജിനി ഹർജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ശനിയാഴ്ച രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.
ഇതിനിടെയാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തിയത്.
നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തിയ്യതി വരെ സർക്കാരിന് സമയമുള്ളതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക. ആകം 295 പേജുകൾ ഉള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചിരിക്കുന്നത്.
സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണണെന്ന് വിവരാവകാശ കമ്മിഷണർ എ അബ്ദുൾ ഹക്കീം ഉത്തരവിട്ടിരുന്നു. നടിമാരും സാങ്കേതിക വിദഗ്ധരും നൽകിയ മൊഴികളാണ് ഒഴിവാക്കിയതിൽ ഭൂരിപക്ഷവും.