70 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും ഇന്ന്; മമ്മുട്ടി ഫൈനലിൽ
ന്യൂഡൽഹി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 70 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒറ്റ ദിവസം നടക്കുന്നത്.
2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വൈകീട്ട് മൂന്ന് മണിക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും പ്രഖ്യാപിക്കും.
2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലേക്ക് പരിഗണനയിലുള്ളത്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് വിവരം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരത്തിന് കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉള്ളൊഴുക്കെന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡിനായി ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് കടുത്ത മത്സരം.
നേരെന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.
ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.