ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ന്യൂഡൽഹി: കൊല്ക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വീണ്ടും ക്രൂരകൊലപാതകം.
ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
എട്ട് ദിവസത്തിന് ശേഷം ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിനെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30ന് കാണാതായ യുവതിയുടെ മൃതദേഹം ഈ മാസം 8നാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി, ഉത്തർപ്രദേശ് അതിർത്തിയിലുള്ള ബിലാസ്പുർ കാശിപുർ റോഡിൽ 11 വയസുള്ള മകളുമായി വാടകയ്ക്കു താമസിക്കുകയാണ്.
ഇവിടെ നിന്ന് ഏകദേശം ഒന്നര കിലോ മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതി ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പുറപ്പെട്ടത് മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കിയ ശേഷം ബലാത്സംഗം ചെയ്ത് ക്രൂരമായ കൊലപ്പെടുത്തുക ആയിരുന്നെന്ന് പൊലീസ് പറയുന്നു.
ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്സിൽ നിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസ് ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോവും.