ജീവിതമെന്ന ക്യാൻവാസിലെ അമൂല്യമായ നിറഭേദങ്ങൾ; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
നമ്മുടെ ജീവിതം ഒരു ക്യാൻവാസാണ്. അതിൽ നമ്മൾ സ്വന്തമായി നമുക്ക് ഇഷ്ടമുള്ള നിറങ്ങൾ വരയ്ക്കാം, വരയ്ക്കണം. ഈ ചിത്രരചനയ്ക്കായി നാം ഉപയോഗിക്കുന്ന തൂവൽ നമ്മുടെ തിരഞ്ഞെടുപ്പുകളോ, പ്രവർത്തനങ്ങളോ, അല്ലെങ്കിൽ നമ്മുടെ മാനസികാവസ്ഥയോ ആകാം. നമ്മുടെ തീരുമാനങ്ങളും മനോഭാവങ്ങളും നാം വരയ്ക്കുന്ന ചിത്രത്തെ സ്വാധീനിക്കുകയും നിർവചിക്കുകയും ചെയ്യുന്നു. ഓരോ തൂവൽസ്പർശവും സമ്പൂർണ്ണമായ ഒരു ചിത്രത്തിന്റെ രചനയിലേക്ക് ചേർക്കുന്ന ഒരു നിമിഷത്തെയോ, അനുഭവത്തെയോ, വികാരത്തെയോ പ്രതിനിധീകരിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും നമുക്ക് നിറങ്ങൾ ചേർക്കാനുള്ള അവസരമാണ്, ഈ സമയത്ത് നാം ചെയ്യുന്ന നിറഭേദങ്ങൾ നാം വരയ്ക്കുന്ന ചിത്രത്തിൻറെ മനോഹാരിത വർദ്ധിപ്പിക്കും. നമ്മുടെ അസ്തിത്വത്തിൻ്റെ വിവിധ വശങ്ങളുടെ പ്രതീകാത്മക പ്രതിനിധാനങ്ങളെ ഉപയോഗിച്ചാണ് നമ്മുടെ ജീവിതമാകുന്ന ക്യാൻവാസിൽ നാമോരോരുത്തരും ചിത്രങ്ങൾ വരയ്ക്കുന്നത്. നമ്മുടെ അഭിനിവേശം, സ്നേഹം, ശാന്തത, ആത്മബോധം, സമാധാനം, സന്തോഷം, ശുഭാപ്തിവിശ്വാസം, ദുഃഖം, വെല്ലുവിളി, പരിശുദ്ധി, ലാളിത്യം, സർഗ്ഗാത്മകത, ആത്മീയത, ജ്ഞാനം എന്നിവയെല്ലാം നാം വരയ്ക്കുന്ന ചിത്രത്തിൻെറ ചായക്കൂട്ടുകളാണ്. സുഖദുഃഖങ്ങളുടെ കണ്ണുനീരിലാണ് ജീവിതത്തിന്റെ ചായക്കൂട്ടുകൾ നാം അലിയിക്കുന്നത്.
നാം വരയ്ക്കുന്ന ഓരോ ചിത്രവും അതുല്യമാകുന്നത് നമ്മുടെ ഓരോ തൂവൽ സ്പർശവും എങ്ങനെയായിരിക്കണമെന്ന് നാം തന്നെ നിശ്ചയിക്കുകയും കാലത്തിന്റെ താളത്തില് സമഞ്ജസമായി അതിനെ ചലിപ്പിക്കുകയും ചെയ്യുമ്പോഴാണ്. ഓരോ വരപ്പാടുകളിലും നമ്മുടെയേതായ സജീവ ജീവിത സാന്നിധ്യമുണ്ടാകണം. നമ്മുടെ ഹൃദയത്തോട് ചേര്ന്ന് ഓരോ നിമിഷവും നമ്മുടെ ജീവിതത്തെ വരയ്ക്കുമ്പോഴാണ് നമ്മുടെ ചിത്രം അത്യുത്തമമാകുന്നത്.
സമൂഹത്തിൽനിന്നുമുളള സമ്മർദങ്ങൾ, സ്വീകാര്യതയ്ക്കുള്ള ആഗ്രഹം, അതുമല്ലെങ്കിൽ നിരസിക്കപ്പെടുമോ എന്ന ഭയം എന്നിവ കാരണം മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി നാം മിക്കപ്പോഴും നമ്മുടെ ജീവിതമാകുന്ന ക്യാൻവാസിൽ നിത്യേന വരകളും വർണ്ണങ്ങളും മാറ്റിക്കൊണ്ടിരിക്കും. ചെറുപ്പം മുതലേ, നമുക്ക് ചുറ്റുമുള്ളവരിൽ നിന്ന് - കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും അംഗീകാരം തേടാൻ നമ്മൾ നിരന്തരം പദ്ധതികൾ ആവിഷ്ക്കിക്കുന്നു. ഇത് നമ്മുടെ യഥാർത്ഥ ആഗ്രഹങ്ങളെക്കാൾ മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കാൻ ഇടയാക്കും. ഒരു സമൂഹത്തിൻെറ ഭാഗമായാൽ കൂടുതൽ സുരക്ഷിതത്വവും സ്വത്വബോധവും പ്രദാനം ചെയ്യുമെന്ന ചിന്തയാൽ ഏതു വിധേനയും മറ്റുള്ളവരുമായി പൊരുത്തപ്പെടുവാൻ നാം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും പ്രതീക്ഷകൾക്കും മുൻഗണന നൽകിക്കൊണ്ട് നമ്മുടെ സ്വന്തം സ്വപ്നങ്ങളും മൂല്യങ്ങളും അഭിലാഷങ്ങളും നഷ്ടമാക്കി, അമൂല്യമായി നമുക്ക് ലഭിച്ച നമ്മുടെ ജീവിതമാകുന്ന ചുവരിൽ നാമോരോരുത്തരും ആഴത്തിലുള്ള മഷിപ്പാടുകളില്ലാത്ത പോറൽ ഏൽപ്പിക്കുന്നു.
നമ്മൾ എപ്പോഴും മുൻകൂട്ടി പദ്ധതികളും, സ്വപ്നങ്ങളും, ആസൂത്രണം ചെയ്യുന്ന തിരക്കിലായിരിക്കുമ്പോഴാണ് ജീവിതത്തിൽ പ്രവചനാതീതമായ സംഭവങ്ങളും അനുഭവങ്ങളും സംഭവിക്കുന്നത്. ഇതാണ് ജീവിതത്തിന്റെ നിറച്ചാർത്തുകൾ. ഇവ ഓരോന്നും നമ്മുടെ ജീവിത ക്യാൻവാസിൽ അതുല്യമായ നിറഭേദങ്ങൾ സൃഷ്ടിക്കുന്നു.
നമ്മുടെ ചിത്രം അതുല്യമായിരിക്കണമെങ്കിൽ നാം എന്തായിരിക്കുന്നുവോ അതിനെ പൂർണ്ണമായി അംഗീകരിക്കുകയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യണം. മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ കൈയിലെ മഷിക്കോലുകൾ ചലിപ്പിച്ചാൽ ജീവിതമാകുന്ന ക്യാൻവാസിൽ പതിയുന്ന ചിത്രങ്ങൾ അവ്യയക്തവും അപൂർണ്ണവും അർത്ഥരഹിതവുമായിരിക്കും. നമ്മൾ ഓരോരുത്തരുടെയും ചുമരിലെ ചിത്രം നമ്മുടേത് മാത്രമായിരിക്കട്ടെ. നാമോരോരുത്തരുടെയും ജീവിതം എന്തായിരിക്കുന്നുവോ അത് നിറഭേങ്ങളായി ജീവിതമാകുന്ന ക്യാൻവാസിൽ പടരട്ടെ!
ശുഭദിനം!