സൈബർ തട്ടിപ്പ്; തൃശൂരിൽ രണ്ട് സ്ത്രീകളിൽ നിന്ന് 25.9 ലക്ഷം കവർന്നു
തൃശൂർ: കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തൃശൂർ സ്വദേശികളിൽനിന്ന് 25.9 ലക്ഷം കവർന്നതായി പരാതി. വയോധികയുടെ അക്കൗണ്ടിൽനിന്ന് 15,90,000 രൂപയും മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടമായത്. വയോധികയുടെ സിം, ആധാർ കാർഡുകൾ ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും മുംബൈ ഫോർട്ട് പോലീസ് കേസെടുത്തെന്നും വിശ്വസിപ്പിച്ച് രണ്ട് അക്കൗണ്ടുകളിലേക്കു 15.9 ലക്ഷം അയപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 29നും 31നുമാണു പണം നൽകിയത്. ഡൽഹി കസ്റ്റംസിൽനിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണു മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്നു തട്ടിപ്പുകാർ പത്തുലക്ഷം കവർന്നത്.
ഇവർ മലേഷ്യയിലേക്ക് അയച്ച പാഴ്സലിൽ അനധികൃതവസ്തുക്കളുണ്ടെന്നും കേസെടുത്തെന്നുമായിരുന്നു ഭീഷണി. ഇരുവരും തൃശൂർ സിറ്റി സൈബർ പോലീസിൽ പരാതി നൽകി.
തൃശൂർ കേന്ദ്രീകരിച്ച് രണ്ടു മാസങ്ങളിലായി കോടികളുടെ തട്ടിപ്പാണു നടന്നത്. വാട്സ് ആപ്പ്, ടെലിഗ്രാം ആപ്ലിക്കേഷൻവഴിയും ഡേറ്റിംഗ് സൈറ്റുകൾവഴിയും പരിചയപ്പെട്ട് കോടികളാണ് മലയാളികൾക്കു നഷ്ടമായത്.
നാലു കോടിയോളം രൂപയാണ് തൃശൂരിൽനിന്നു മാത്രം നഷ്ടമായത്. ഇതിലേറെയും ഓഹരിവിപണിയിലെ നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പുകളാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പുകൾ നടന്നു. വളരെ തുച്ഛമായ തുകയാണു തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.