ബലാത്സംഗക്കേസിൽ റാം റഹീമിന് പരോൾ
ചണ്ഡീഗഡ്: സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ചൊവ്വാഴ്ച 21 ദിവസത്തെ പരോൾ അനുവദിച്ചു.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സ്വയം പ്രഖ്യാപിത ആൾ ദൈവം ഗുർമിത് റാം റഹീം ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ബാഗ്പത് ജില്ലയിലുള്ള ദേര ആശ്രമത്തിലായിരിക്കും ഇയാൾ തങ്ങുക.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശ്രദ്ധേയനായ അനുയായികളുള്ള 56 കാരനായ റാം റഹീം രോഗബാധിതയായ അമ്മയെ സന്ദർശിക്കണം എന്നതുൾപ്പെടെ എട്ട് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അപേക്ഷയിലാണ് പരോൾ അനുവദിച്ചത്.
റഹീമിന്റെ മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി മുമ്പ് ഹർജി സമർപ്പിച്ചിരുന്നു ഹർജി പഞ്ചാബ്,ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ട് പിന്നാലെയാണ് വീണ്ടും പരോൾ അനുവദിച്ചത്.
ഫെബ്രുവരി 29ന് ഹരിയാന സർക്കാരിന്റെ അനുമതിയില്ലാതെ റഹീമിന് പരോൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജൂണിൽ സിംഗ് ഹൈക്കോടതിയെ സമീപിക്കുകയും തനിക്ക് 21 ദിവസത്തെ അവധി അനുവദിക്കാൻ അപേക്ഷ നൽകുകയും ചെയ്തു.
തന്റെ രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവ് അനുഭവിക്കുന്ന സിംഗ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ്.
2017ലാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു.
കൊലപാതകം, ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ മോചിപ്പിക്കുന്നത് ജനങ്ങളുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് സുപ്രീം ഗുരുധാര ബോഡിയായ ഗുരുദ്വാര പർബന്ധക് കമ്മിറ്റി അഭിപ്രായപ്പെട്ടു.