തകഴിയിൽ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം
ആലപ്പുഴ: തകഴിയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴിനൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മരണം കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കേസിൽ കുഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് 13ആം വാർഡ് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി(22), തകഴി സ്വദേശി പുത്തൻപറമ്പ് തോമസ് ജോസഫ്(24) എന്നിവരേയും മൃതദേഹം മറവു ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ്(30) എന്നിവരേയും ആലപ്പുഴ കോടതി ഇന്നലെ റിമാൻഡ് ചെയ്യുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഡോണയെ മജിസ്ട്രേറ്റ് അവിടെയെത്തിയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്.
അന്ന് അർധരാത്രിക്കു ശേഷം തോമസ് ജോസഫ് സുഹൃത്ത് അശോകുമൊത്ത് എത്തി കുഞ്ഞിന്റെ ജഡം കൊണ്ടുപോയി മറവു ചെയ്തു. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി.
പരിശോധനയിൽ പ്രസവ വിവരം പുറത്തായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് 2 പ്രതികൾ കൂടി അറസ്റ്റിലായത്.
അതേസമയം, പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂവെന്ന് അന്വേഷണ സംഘം പറയുന്നു.
താൻ ഗർഭിണി ആയിരുന്നുവെന്ന് യുവാവ് അറിഞ്ഞത് അപ്പോൾ മാത്രമെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിന് ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.