കായംകുളത്ത് പോലീസ് പെരുമാറിയത് ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചത് പോലെയെന്ന് കെ.സി വേണുഗോപാൽ എം.പി
കായംകുളം: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
ചങ്ങലയക്കു ഭ്രാന്ത് പിടിച്ചതു പോലെയാണ് കായംകുളത്ത് പോലീസ് പെരുമാറിയത്. പോലീസുകാർ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടവരാണ്.
അർധരാത്രി വീടിൻറെ വാതിൽ ചവിട്ടിപ്പൊളിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പാകത്തിൽ എന്തു കുറ്റകൃത്യമാണ് അവർ ചെയ്തത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയത്.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പൊതുപ്രവർത്തകർ സമരം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും കള്ളക്കടത്ത് പോലെയുള്ള കുറ്റകൃത്യമാണോ? കായംകുളത്തെ പോലീസ് അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്.
വീടുനുള്ളിൽ അതിക്രമിച്ചു കയറിയ പോലീസ് അവിടെയുണ്ടായിരുന്ന ഫോൺവരെ മോഷ്ടിച്ചു. സ്ത്രികളും കുട്ടികളുമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസ് നടപടി നികൃഷ്ടമാണ്.
നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പിട്ടുണ്ടെങ്കിൽ അതിന് നിയമവിധേയമായ നടപടിയാണ് പോലീസ് സ്വീകരിക്കേണ്ടത്. അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതി കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതെല്ലാം കായംകുളത്ത് ലംഘിക്കപ്പെട്ടു. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന നടപടിയാണ് പോലീസിൻറേത്. പേടിപ്പിച്ചാൽ ഓടിപ്പോകുന്നവരല്ല കോൺഗ്രസുകാർ. മറിച്ചുള്ള ചിന്ത പോലിസിനുണ്ടെങ്കിൽ തെറ്റിധാരണയാണതെന്നും വേണുഗോപാൽ പറഞ്ഞു.
കായംകുളം പോലീസ് അതിക്രമിച്ച് വീടുകയറി അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഹാഷിം സേട്ട്, പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമം നടത്തിയ നോർത്ത് മണ്ഡലം പ്രസിഡൻറ് റിയാസ് മുണ്ടകത്തിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.