ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് 30 വർഷത്തെ മോഷണം: ഉണ്ണികൃഷണൻ സമ്പാദിച്ചത് കോടികൾ
തിരുവല്ല: സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടായി മോഷണം നടത്തിയിരുന്നയാൾ തിരുവല്ല പോലീസിൻറെ പിടിയിലായി.
തിരുവല്ല മേനിലം കീഴേപാലറക്കുന്ന് ഉണ്ണികൃഷണനെയാണ്(തിരുവല്ലം ഉണ്ണി - 52) പോലീസ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നും നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ക്ഷേത്രത്തിനു സമീപത്തുനിന്നും ലഭിച്ച കാറിൻറെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി ഉണ്ണിയെ പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 17ന് അർധരാത്രിയോടെ ഇൻഡിക്ക കാറിൽ എത്തിയ ഉണ്ണി പടപ്പാട് ക്ഷേത്രത്തിൻറെ മുൻവശത്ത് കാർ നിർത്തിയ ശേഷം ക്ഷേത്രമതിൽ ചാടിക്കടന്ന് പ്രധാന വാതിലിൻറെ താഴ് അടക്കം തകർത്ത് സ്റ്റോർറൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിനു മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ നൽകിയ പരാതിയേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ പ്രത്യേക അന്വേഷണ സംഘം സഞ്ചരിച്ചിരുന്ന കാർ നിർത്തി പ്രതിയെ പിടികൂടാൻ നടത്തിയ ശ്രമത്തിനിടെ സംഘത്തിലെ പോലീസുകാരായ പി. അഖിലേഷ്, എം.എസ്. മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഡി.വൈ.എസ്.പി എസ് ആഷാദിൻറെ നിർദേശ പ്രകാരം സിഐ ബി.കെ. സുനിൽ കൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം.
കഴിഞ്ഞ 30 വർഷം നീണ്ട മോഷണ പരമ്പരയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്കോഡ, ഒക്ടോവിയ അടക്കം രണ്ട് ആഡംബര കാറുകൾ ഇയാൾ സ്വന്തമാക്കിട്ടുള്ളതായി പോലീസ് പറഞ്ഞു.
മോഷണ മുതൽ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നടക്കം തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.