വയനാട് ദുരന്തം; താൽക്കാലിക പുനരധിവാസത്തിന് 253 വാടക വീടുകൾ
വയനാട്: മുണ്ടക്കൈ, ചൂരൽമല മേഖലയിലെ പ്രകൃതി ദുരന്തത്തിന് ഇരയായി ക്യാംപുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തി. നൂറോളം വീടുകൾക്ക് പലരും സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താതികാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക.
ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങൾ സർവെ നടത്തുന്നുണ്ട്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാംപിൽ കഴിയുന്നവർക്കു തെരഞ്ഞെടുക്കാം.
ദുരന്തത്തെ തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചു താമസിപ്പിക്കില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം.
വാടക വീടുകളിലേക്കു മാറുമ്പോൾ ഫർണിച്ചർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആളുകളെ അറിയിക്കും.
ഇന്നലെ നടന്ന ജനകീയ തെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം 2,000 പേർ പങ്കെടുത്തു.
തെരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മനുഷ്യ ശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽ നിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്.
ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കും. ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഉടൻ പൂർത്തിയാകും.
രക്ഷാ പ്രവർത്തനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാ വിഭാഗങ്ങൾ അറിയിച്ചിട്ടുള്ളതെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘ്രശീയും പങ്കെടുത്തു.