വയനാട് ഉരുൾപ്പൊട്ടൽ; അജ്ഞാത മൃതദേഹങ്ങളുടെ ഡി.എൻ.എ ഫലം ലഭിച്ച് തുടങ്ങി
കൽപറ്റ: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണ്ടെടുത്ത തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും കണ്ടെടുത്ത ശരീരഭാഗങ്ങളുടേയും ഡി.എന്‍.എ പരിശോധനാ ഫലങ്ങൾ ലഭിച്ചു തുടങ്ങിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ ഡിഎന്‍എ ഫലങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ.
അട്ടമലയില്‍ നിന്ന് എല്ലിന്‍കഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ എന്ന് ഉറപ്പില്ല. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പുണ്ടായിരുന്നതാണോ ഇത് എന്ന സംശയവുമുണ്ട്. വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
രണ്ടായിരത്തോളം പേരാണ് ഞായറാഴ്ച തിരച്ചിലില്‍ പങ്കെടുത്തത്. മഴ പെയ്തതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ തിരച്ചില്‍ അവസാനിപ്പിക്കുക ആയിരുന്നു.
ഉരുൾപ്പൊട്ടൽ നടന്ന മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്കൂള്‍, സെന്റ് ജോസഫ് യു.പി സ്കൂള്‍, മൗണ്ട് താബോര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.