വനിതാ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതികളെ തൂക്കിലെറ്റുമെന്ന് മമത
കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ നിർദേശം.
പ്രതികളായവരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യമെങ്കിൽ അവരെ തൂക്കിലെറ്റുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കേസ് അതിവേഗ കോടതി പരിഗണിക്കണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും മമത പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണ്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
തങ്ങൾക്ക് ഉത്തരവാദിത്വമുള്ള പോലെ, ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. തങ്ങളിൽ വിശ്വാസമില്ലെങ്കിൽ അന്വേഷണത്തിന് മറ്റ് ഏജൻസികളെ സമീപിക്കുന്നതിൽ വിരോധമില്ലെന്നും സമഗ്ര അന്വേഷണം ഉറപ്പു വരുത്തണമെന്നും മമത പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കണ്ണിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിരവിരൽ, ചുണ്ട് എന്നീ ഭാഗങ്ങളിലും പരുക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസ തടസമുണ്ടായതായും അതാണ് മരണ കാരണമെന്നും കൊൽക്കത്ത പൊലീസ് വ്യക്തമാക്കുന്നു.