ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട് തന്നെ വേട്ടയാടുന്നു; മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമം;
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. അഡ്വ. രാമന്‍പിള്ള മുഖേന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യയുടെ നീക്കം. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കാവ്യ പറയുന്നത്:
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ഭീഷണിയുണ്ട്. പൊലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം.
ആസൂത്രിതമായാണ് പള്‍സര്‍ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാള്‍ പറയുന്നത് കളവാണെന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥര്‍ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരന് സൂരജ് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചലച്ചിത്രമേഖലയിലുളള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്.
ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നില്‍ ‘മാഡം’ എന്നൊരാളുണ്ടെന്ന് പലതവണ ആവര്‍ത്തിച്ച സുനില്‍, ഒടുവില്‍ ആ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞിരുന്നു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.