ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച്ച; റിമാന്‍ഡ് കാലാവധി 28വരെ നീട്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28വരെ നീട്ടി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന് രേഖാമൂലം മറുപടി നല്കി. അന്വേഷണ സംഘം കേസ് ഡയറി കോടതിയില്‍ നല്കി.
മൂന്ന് മണിക്ക് തുടങ്ങിയ വാദപ്രതിവാദം നാലര വരെ നീണ്ടു. ജാമ്യാപേക്ഷയെ ശക്തമായി തന്നെ പ്രോസിക്യൂഷന് എതിര്‍ത്തു. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍ നടന്നത്. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന് ഈ ആവശ്യം ഉന്നയിച്ചത്.
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്ന് പൊലീസ് അറിയിച്ചു. നടിയുടെ നഗ്ന ചിത്രങ്ങളെടുക്കാന്‍ മാത്രമായിരുന്നില്ല ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വാദിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പൊലീസിന്റെ വാദം.
നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. ജയില്‍വാസം അറുപത് ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജി. നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാല്‍സംഗക്കുറ്റം ദിലീപിന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിച്ചത്.
അതേസമയം സംവിധായകന് നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പോലീസ് ക്ലബില്‍ ഹാജരായ നാദിര്‍ഷയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.