സ്നേഹവും സന്തോഷവുമുള്ളവരായി കഴിയുക: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി
ഇടുക്കി: മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ സന്തോഷമുള്ളവരായി കഴിയുകയെന്നതാവണം ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശരി പറഞ്ഞു. തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.
സ്നേഹവും അറിവും എത്ര നൽകിയാലും മതിയാവില്ല.പരിധികളില്ലാത്തതാണവ. സ്നേഹമുള്ളവരും സന്തോഷമുള്ളവരുമായി കഴിയാൻ സാധിക്കണം. പഠിച്ച് മിടുക്കരാവണമെന്നും പറഞ്ഞു. കുഞ്ഞുങ്ങളുമായി കുശലം പങ്കിട്ട കളക്ടർ അവരോടൊപ്പം നിന്ന് ഫോട്ടോയുമെടുത്തു. ഓണാവധിക്കാലത്ത് തദ്ദേശീയമായ അറിവുകൾ സമാഹരിച്ച് ക്രോഡീകരിക്കാനും വി വിഘനേശ്വരി കുട്ടികൾക്ക് നിർദ്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് രമേശ് ഗോപാലൻ അധ്യക്ഷത വഹിച്ചു.
ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ജി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആന്റണി മുഖ്യാതിഥിയായി. സാഹിത്യകാരി എസ് പുഷ്പമ്മ , പൂർവ്വ വിദ്യാർത്ഥിനികളായ കെ.ജി ഗോപിക, ഡോ. കെ ദിവ്യാ റാണി എന്നിവരെ ആദരിച്ചു.
2023-24 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയം കൈവരിച്ച പെൺകുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം കാനറ ബാങ്ക്ചെറുതോണി ബ്രാഞ്ച് മാനേജർ ആൽബർട്ട് ടി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ചുമതല വഹിക്കുന്ന ദിവ്യാ ജോർജ്ജ്, എം.പി.ടി.എ പ്രസിഡൻ്റ് സീന പ്രദീപ്, സ്ക്കൂൾ മാനേജർ അന്നമ്മ ജോർജ്ജ്, അധ്യാപിക എം ജെ ഷാന്റ്റി, സീനിയർ സൂപ്രണ്ട് വൈ അനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ 2001 ജൂൺ 22 ന് ആരംഭിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ 336 കുട്ടികളാണുള്ളത്. ആറാംതരംമുതലാണ് പ്രവേശനം .2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷ, എഴുതിയ 43 പേരും വിജയിച്ചിട്ടുണ്ട്. ആദ്യ ബാച്ച് മുതൽ എല്ലാ എസ്.എസ്.എൽ.സി ബാച്ചുകളിലും 100 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. പ്ലസ്ടു എഴുതിയ 36 പേരിൽ 30 പേർ വിജിയിച്ചു. സേ പരീക്ഷ എഴുതിയ 6 വിദ്യാർത്ഥികളിൽ 4 പേർ വിജയിച്ചു.