ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി
ഒഡീഷ: ബാലസോർ ജില്ലയിലെ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗം ബാധിച്ചു. സിരാപൂരിലെ ഉദയനാരായൺ നോഡൽ സ്കൂളിലാണ് സംഭവം.
ഉച്ച ഭക്ഷണത്തിൻറെ ഭാഗമായി ചോറും കറിയും വിളമ്പി കുറച്ച് സമയത്തിന് ശേഷം, ഒരു വിദ്യാർത്ഥി ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. തുടർന്ന് സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തി വിദ്യാർഥികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപെട്ടു.
പിന്നാലെ നിരവധി വിദ്യാർത്ഥികൾക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപെട്ടു. ഇവരെ സ്കൂൾ അധികൃതരുടെ സഹായത്തോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ചികിത്സ നൽകുന്നതിനായി മെഡിക്കൽ സംഘം സ്കൂളിലെത്തി. വിദ്യാർഥികളെ പരിശോധിച്ച് മരുന്നുകൾ നൽകി. മരുന്ന് കഴിച്ചതിന് ശേഷവും നിരവധി വിദ്യാർത്ഥികൾക്ക് ഛർദിയുണ്ടായി, തുടർന്ന് അവരെ തുടർ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം സ്ഥലം എംഎൽഎ മദബ് ദാദ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ സന്ദർശിച്ച് ദുരിതബാധിതരായ വിദ്യാർത്ഥികളുടെ അവസ്ഥ വിലയിരുത്തി.
ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും കളക്ടറെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ വ്യക്തമാക്കി. രോഗം ബാധിച്ച വിദ്യാർത്ഥികൾ നിലവിൽ ചികിത്സയിലാണെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.
രോഗത്തിൻറെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് ജില്ലാ ആസ്ഥാനത്ത് നിന്നുള്ള ആരോഗ്യ സംഘം അരിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ചികിത്സ തുടരുകയാണെന്ന് ആശുപത്രി ഇൻചാർജ് ഡോ. സത്യനാരായണ നായക് പറഞ്ഞു.