കൊല്ലത്ത് വയോധികനായ സൈക്കിൾ യാത്രക്കാരന്റെ മരണം; നിക്ഷേപ തുക തട്ടിയെടുക്കാൻ വേണ്ടി കാറിടിച്ച് കൊലപ്പെടുത്തിയത്
കൊല്ലം: ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പ് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. മെയ് 26ന് ബി.എസ്.എൻ.എൽ റിട്ടയേഡ് ഡിവിഷൻ എഞ്ചിനീയറായ സി പാപ്പച്ചനാണ് മരിച്ചത്.
വനിതാ ബാങ്ക് മാനേജറായ സരിത നിക്ഷേപ തുക തട്ടിയെടുക്കാനായി ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ച് പേർ പിടിയിലായി.
ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്.
80 ലക്ഷം രൂപ തട്ടിയെടുക്കാനായി വനിതാ ബാങ്ക് മാനേജർ സരിത ക്വട്ടേഷൻ നൽകുകയായിരുന്നു. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിൻറെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്.
പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചൻ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സൈക്കിളിൽ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. അപകടമരണം എന്ന് രേഖപ്പെടുത്തി കാർ ഓടിച്ചിരുന്ന അനിമോൻ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.
എന്നാൽ പിന്നീട് അനിമോൻറെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക എത്തിയാതും കണ്ടെത്തി.
നേരത്തെ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ നഷ്ടപ്പെട്ടത് പാപ്പച്ചൻ അറിയുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനായി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.