വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യു.ഡി.എഫ് അവിശ്വാസം 14ന്
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലാണ് ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ്. പൊതുമരാമത്ത് വികസന രംഗത്ത് 19 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിനിയോഗിച്ചിട്ടുള്ളത്.
അംഗൻവാടിയിലേക്ക് നടത്തിയ നിയമനത്തിലും, ദിവസ വേതന നിയമനങ്ങളിലും വൻ അഴിമതിയാണ് നടത്തിയിട്ടുള്ളത് ,പഞ്ചായത്ത് ഭരണസമിതി മീറ്റിങ്ങ് നടന്നതിൻ്റെ മിനിറ്റ്സുകളിൽ തിരുത്തലുകൾ നടത്തിയതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ നടന്ന് വരുന്നു.
വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മെമ്പർഷിപ്പ് ചേർക്കാൻ വ്യാപകമായി കള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകിയതിന് നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുണ്ട്, അന്യജില്ലക്കാരായ വിദ്യാർത്ഥികൾക്കും, സർക്കാർ ജീവനക്കാർക്കും ഇങ്ങനെ അധികാര ദുർവിനിയോഗം നടത്തി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ട് കോടിയിലധികം രൂപ ചിലവഴിച്ചതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.
പഞ്ചായത്തിലെ ട്രാഫിക്ക് രംഗം താറുമാറായി കിടക്കുന്നു .പ്രധാന പട്ടണമായ ചെറുതോണിയിലെ ഗതാഗതക്കുരുക്ക് സങ്കീർണ്ണമാണ് .പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതുമൂലം ടൗണുകളിൽ മാലിന്യങ്ങൾ കൊണ്ട് നിറയുന്നു .പണമില്ലാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും കൂട്ടായ ചർച്ചകളില്ലാതെ സ്ഥലം വാങ്ങുന്നതടക്കം അഴിമതിയും പഞ്ചായത്തിൻ്റെ വികസനം മുടക്കുകയും ചെയ്യുന്ന പ്രസിഡൻ്റിൻ്റെ ധിക്കാര നടപടി അപലപനീയമാണ്.
ഇത്തരത്തിലുള്ള വികസന മുരടിപ്പിനെതിരെയാണ് പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത് .എൽ .ഡി .എഫ് അംഗങ്ങളിലും പ്രസിഡൻ്റിനെതിരെ പ്രതിക്ഷേധം ഉണ്ടെന്നുള്ളതാണ് യു.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കരുത്തു പകരുന്നത് .ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശാനുസരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അവിശ്വാസ പ്രമേയം ഈ മാസം 14 ന് ചർച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി