കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടന രഹസ്യ പദ്ധതി തയ്യാറാക്കുന്നു
സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയുടെ രഹസ്യ പദ്ധതി ?
ചൈന, റഷ്യ, ക്യൂബ തുടങ്ങി വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങളുമായി മാത്രം ബന്ധമുള്ള കിം ജോങ് ഉന്നിന് ‘പുറം ലോക’ സഞ്ചാരമില്ലാത്തതിനാല്‍ ഉത്തര കൊറിയയില്‍ തന്നെ ചാരന്മാരെ ഉപയോഗിച്ച് വധിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തര കൊറിയയുമായി ഒരു ഏറ്റുമുട്ടലിനു പോയാല്‍ ഹൈഡ്രജന്‍ ബോംബ് കൈവശമുള്ള ഉത്തര കൊറിയ ദക്ഷിണ കൊറിയയിലും ജപ്പാനിലും വലിയ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ആണവശക്തിയായ ഉത്തര കൊറിയയെ തളയ്ക്കാന്‍ ആ രാജ്യത്തെ പൂര്‍ണ്ണമായും ശവപ്പറമ്പാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അമേരിക്കന്‍ ഭരണകൂടം കരുതുന്നു.
ലോകത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാനുള്ള പുതിയ പദ്ധതിയത്രെ.
അയല്‍ രാജ്യമായ ദക്ഷിണ കൊറിയയുടെ സഹായം ഇതിനായി സി.ഐ.എ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ശത്രുവിന്റെ നിഴല്‍ പോലും സ്വന്തം രാജ്യത്തെ ജനങ്ങളുടെ മേല്‍ വീഴാതിരിക്കാന്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും കര്‍ശന വിലക്കുള്ള ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിനെതിരായ നീക്കം സിഐഎയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.
കനത്ത സുരക്ഷയില്‍ വിശ്വസ്തരുടെ കവചത്തില്‍ കഴിയുന്ന ഈ ഏകാധിപതിയുടെ മൃഗീയമായ ശിക്ഷാരീതികള്‍ നേരിട്ട് കാണുന്നവര്‍ എന്തൊക്കെ പ്രതിഫലവും സംരക്ഷണവും വാഗ്ദാനം ചെയ്താലും ജീവന് പണയം നല്കുന്ന ഏര്‍പ്പാടിന് നില്‍ക്കുമോ എന്ന സംശയം വാര്‍ത്ത പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമം തന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്.
എന്നാല്‍ ലോകത്ത് വമ്പന്‍ നെറ്റ് വര്‍ക്കും ആധുനിക സംവിധാനങ്ങളുമുള്ള അമേരിക്ക സാധ്യമായ എല്ലാ വഴികളും ഇക്കാര്യത്തില്‍ തേടുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
കിം ജോങ് ഉന്‍ വേട്ടപ്പട്ടികളെ വിട്ട് കടിച്ച് കീറി കൊലപ്പെടുത്തിയവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ സി.ഐ.എ നോട്ടമിട്ട് കഴിഞ്ഞതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎന്നിനെക്കൊണ്ട് കടുത്ത ഉപരോധം സൃഷ്ടിക്കുവാന്‍ അമേരിക്ക ഇപ്പോള്‍ ഇടപെടല്‍ നടത്തുന്നത് ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിനെതിരെ ജനരോക്ഷമുണ്ടാക്കുന്നതിനും സൈന്യത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണെന്നും പറയപ്പെടുന്നു.
സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് ഭരണം തകര്‍ക്കാന്‍ ഇടപെട്ട സി.ഐ.എയുടെ കഴുകന് കണ്ണുകള്‍ കിം ജോങ് ഉന്നിന്റെ ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള സാധ്യതയും സജീവമാണ്.
ഇതിനിടെ കിം ജോങ് ഉന്നിനെ മാത്രം ലക്ഷ്യമിട്ട് മിസൈലാക്രമണം ‘കൃത്യമായി’ നടത്താനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒത്തുവന്നാല്‍ അമേരിക്ക അത് ഉപയോഗപ്പെടുത്തിയേക്കുമെന്ന മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്റെ പ്രതികരണവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.