ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് രാജി വച്ച് നാട് വിട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ.
പാർലമെൻറിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാവിലെ 9ന് ഹിൻഡൻബർഡിലെ വ്യോമ താവളത്തിൽ നിന്നും ഹസീനയുടെ വിമാനം പുറപ്പട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻറെ വിശദീകരണം.
തിങ്കളാഴ്ച വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയത്. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാനായിരുന്നു തീരുമാനം.
അവർക്ക് ആവശ്യമായ എല്ലാ സഹായവും ഇന്ത്യ നൽകുമെന്നും ഭാവി നടപടികൾ സ്വീകരിക്കാൻ ഹസീനയ്ക്ക് സമയം നൽകിയിരിക്കുകയാണെന്നും സർവകക്ഷിയോഗത്തിൽ കേന്ദ്ര അദ്ദേഹം അറിയിച്ചു.
അതേസമയം, ബംഗ്ലാദേശിലെ കലാപത്തിൽ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്ന് വന്ന പ്രതിഷേധങ്ങളാണ് കലാപത്തിൽ കലാശിച്ചത്.
ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി സമ്പർക്കത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യം വിട്ടത്. അഭയം നൽകുന്ന കാര്യത്തിൽ യു.കെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയിൽ തങ്ങുകയായിരുന്നു.